ആത്മഹത്യയ്‌ക്ക്‌ പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം

At Malayalam
1 Min Read

വിദ്യാർഥി ഫ്ലാറ്റിൽനിന്ന്‌ വീണ്‌ മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. ടോയ്‌ലറ്റ് നക്കിച്ചതുൾപ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകൻ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കൾ പരാതി നൽകി.

സഹപാഠികൾ മിഹിറിനെ ശുചിമുറിയിൽ കൊണ്ടുപോയി മർദിച്ചതായും ക്ലോസറ്റ്‌ നക്കിച്ചതായും മുഖം താഴ്ത്തി ഫ്ലഷ് ചെയ്‌തതായും പരാതിയിലുണ്ട്‌. സ്കൂളിലെ റാഗിങ്ങാണ് മിഹിർ അഹമ്മദ് മരിക്കാൻ കാരണമെന്ന്‌ പരാതിയിൽ പറയുന്നു. ഹിൽപാലസ് പൊലീസിൽ ആദ്യം പരാതി നൽകിയിരുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്.

‘മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും, ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാവുകയായിരുന്നു. അത്തരമൊരു നിസ്സഹായമായ ഘട്ടത്തിൽ അവൻ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടാൻ തക്ക തെളിവുകളും ഞങ്ങൾക്ക് ലഭ്യമാവുകയുണ്ടായി. സ്‌കൂളിൽ വെച്ചും സ്കൂൾ ബസിൽ വെച്ചും ഞങ്ങളുടെ മകൻ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. അവനു ശാരീരിക ഉപദ്രവമേൽക്കുകയും നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസവും കുത്ത് വാക്കുകളും സഹിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. വാഷ് റൂമിൽ കൊണ്ട് പോയി അവനെ അതി കഠിനമായി ഉപദ്രവിക്കുകയും ക്ളോസറ്റിൽ ബലാൽക്കാരമായി മുഖം പൂഴ്ത്തിച്ചു ഫ്ലഷ് ചെയ്യുകയും ടോയ്‌ലറ്റിൽ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് ബോധ്യമായ കാര്യങ്ങളാണ്’ എന്ന്‌ മാതാവ്‌ പരാതിയിൽ പറഞ്ഞു.

തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസിൽ താമസിക്കുന്ന സലിം– റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ്‌ (15) ജനുവരി 15ന് ഫ്ലാറ്റിന്റെ 26-ാംനിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു. തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്‌.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment