ജനുവരി 31 ന് ബജറ്റ് സമ്മേളനം ആരംഭിക്കുമെന്ന് റിപ്പോർട്ട്. 2025ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഒന്നിന് ആരംഭിച്ച് 13ന് അവസാനിക്കും. വെള്ളിയാഴ്ച ലോക്‌സഭാ ചേംബറിൽ പാർലമെന്റിന്റെ ഇരുസഭകളെയും രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം ധനമന്ത്രി സാമ്പത്തിക സർവേ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ഫെബ്രുവരി 3,4 തിയതികളിൽ നടക്കും. ഫെബ്രുവരി ആറിന് രാജ്യസഭയിൽ നടക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെഷന്റെ രണ്ടാം ഭാഗം മാർച്ച് 10 മുതൽ ഏപ്രിൽ നാല് വരെയായിരിക്കും. ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ജനുവരി 30 ന് പാർലമെന്റിലെ രാഷ്ട്രീയ പാർട്ടികളുടെ ഫ്ലോർ ലീഡർമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യസെഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ ഒമ്പത് സിറ്റിങ്ങുകളായിരിക്കും. ഫെബ്രുവരി 13 ന് ബജറ്റ് നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനായി പാർലമെന്റ് ഇടവേളയ്ക്ക് പിരിയും. വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ബജറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മാർച്ച് 10 മുതൽ വീണ്ടും യോഗം ചേരും. ഏപ്രിൽ 4 ന് സമ്മേളനം അവസാനിക്കും. മുഴുവൻ ബജറ്റ് സമ്മേളനത്തിലും 27 സിറ്റിങ്ങുകൾ ഉണ്ടാകും.