പാലക്കാട് നെന്മാറയിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ പിടി കൂടാൻ ഇതു വരേയും പൊലിസിനു കഴിഞ്ഞില്ല. ഇയാൾ നേരത്തേ നടത്തിയ കൊലപാതകത്തിനു ശേഷം വനത്തിനുള്ളിലാണ് ഒളിച്ചിരുന്നത്. അന്ന് പൊലിസ് ഇയാളെ പിടികൂടിയത് വനത്തിനുള്ളിൽ നിന്നായിരുന്നു. അതിനാൽ തന്നെ ഇത്തവണ ഡ്രോൺ ഉപയോഗിച്ച് വനത്തിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള ഇയാളുടെ ബന്ധുവീട്ടിൽ പൊലിസ് തെരഞ്ഞെത്തിയെങ്കിലും അവിടെയും ഇയാൾ എത്തിയിട്ടില്ലെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു.
ചെന്താമര ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയ സുധാകരൻ്റെ ശരീരത്തിൽ എട്ടുവെട്ടുകളും ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളുമാണ് ഏറ്റിരിക്കുന്നതെന്ന് പൊലിസിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. തല, കഴുത്ത്, കൈ, കൈകാലുകൾ എന്നിവിടങ്ങളിലാണ് സുധാകരന് വെട്ടേറ്റത്. വലതു കൈ വെട്ടി മാറ്റുകയും ചെയ്തു. കഴുത്തിൽ ഏറ്റവെട്ടിനെ തുടർന്ന് ആഴത്തിലുള്ള മുറിവുണ്ടായതാണ് സുധാകരൻ്റെ മരണത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിയുള്ളത്.
സുധാകരൻ്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളും മാരകമായ രീതിയിലുള്ള മുറിവുകൾ ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ചെവിയുടെ ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. ഇരുവരുടേയും സംസ്കാരം ഇന്നു നടക്കും.
നാടിനെ നടുക്കിയ കൊലപാതകങ്ങളിലും പൊലിസിൻ്റെ അനാസ്ഥയിലും പ്രതിഷേധിച്ച് നാട്ടുകാരുടെ വലിയ സംഘർഷം ഉണ്ടായി. കൂടാതെ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിലും വലിയ പ്രതിഷേധമുണ്ടായി.