വയനാട് : 712 കോടി കിട്ടി, കൃഷിഭൂമി സാധിക്കില്ല, സഹായം ചോദിച്ച് എം പി മാർക്ക് കത്തയച്ചു : മുഖ്യമന്ത്രി

At Malayalam
1 Min Read

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തെ കേന്ദ്ര സർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായം ഇനിയും പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 2221 കോടി രൂപ കേന്ദ്ര സർക്കാരിനോട് ഇതുവരെ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാറിൽ നിന്ന് ഇതുവരെ ഒരു ധനസഹായവും ലഭിച്ചിട്ടില്ലെന്നും ദുരന്തബാധിതർക്ക് കൃഷി ഭൂമി കൂടി നൽകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

വയനാട്ടിൽ ടൗൺഷിപ്പ് നിർമിക്കാൻ ഭൂമി വിലയ്ക്ക് വാങ്ങുമെന്നും ഭാവിയിൽ ഒരു നിലകൂടി നിർമിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ഇവിടെ വീടുകൾ നിർമിക്കുകയെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ ധനസഹായം നൽകും. പുനരധിവാസം പൂർത്തിയാക്കും വരെ വീടുകളുടെ വാടകയും സർക്കാർ തന്നെ നൽകും. അതിനുള്ള പണം ഇതിനോടകം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര സഹായം വൈകിയെന്നത് വസ്തുതയാണെന്നും എന്നാൽ സഹായം ലഭിക്കുമെന്നാണ് ഇപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസം അനിശ്ചിതത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ കുറ്റപ്പെടുത്തി. ദുരന്തം കഴിഞ്ഞ് ആറു മാസമായിട്ടും പരുക്കേറ്റവർക്ക് ചികിത്സാ സഹായം നൽകാൻ പോലും സർക്കാരിനു കഴിഞ്ഞില്ല. സ്വന്തം കയ്യിൽ നിന്നുള്ള പണം ചെലവഴിച്ചാണ് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റവരടക്കം ചികിത്സ നടത്തുന്നത്. വീട് നിർമാണത്തിന് കണക്കാക്കിയ 30 ലക്ഷം രൂപ ഉയർന്ന നിരക്കാണെന്നും പല സ്പോൺസർമാറും ഇക്കാരണത്താൽ പിൻവാങ്ങുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വീട് നിർമാണത്തിന് 30 ലക്ഷം രൂപയെന്നത് പ്രാഥമിക കണക്കാണെന്ന് മുഖ്യമന്ത്രി തുടർന്ന് വിശദീകരിച്ചു. വീടുകൾ ഒരുമിച്ചു നിർമിക്കുമ്പോൾ ചെലവ് വളരെ കുറയും. അങ്ങനെ വരുമ്പോൾ ചെലവ് 20 ലക്ഷത്തിലേക്ക് എത്തിക്കാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ദുരന്തത്തിൽ സഹായം അഭ്യർഥിച്ച് രാജ്യത്തെ എല്ലാ എം പിമാർക്കും കത്തയച്ചെന്നും ഒരു കോടി രൂപ വീതമാണ് എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment