വിധിയിൽ കൂസാതെ ഗ്രീഷ്മ, വാവിട്ട് കരഞ്ഞ് ഷാരോണിൻ്റെ രക്ഷിതാക്കൾ

At Malayalam
2 Min Read

കാമുകനെ കൊന്ന കേസിൽ കോടതി വധശിക്ഷ വിധിച്ചത് നിർവികാരയായി കേട്ടു നിൽക്കുകയായിരുന്നു ഗ്രീഷ്മ. വിധി വന്നു കഴിഞ്ഞിട്ടും ​ഗ്രീഷ്മ ഒന്നും പ്രതികരിക്കാനോ എന്തെങ്കിലും മാനസിക വികാരം പ്രകടിപ്പിക്കാനോ തയ്യാറായില്ല. എന്നാൽ വിധി വന്നതോടെ കൊല്ലപ്പെട്ട ഷാരോണിന്റെ അച്ഛനും അമ്മയും വാവിട്ടു കരഞ്ഞു. വിധി അറിയാനായി ഷാരോണിൻ്റെ കുടുംബം ഇന്ന് കോടതിയിലെത്തിയിരുന്നു. ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയും കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമല കുമാരൻ നായർക്ക് മൂന്നു വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. ഷാരോണിനെ കൊല്ലാനായി കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയെന്നതാണ് കേസ്.

കൊലക്കുറ്റം കൂടാതെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ കൂടി ഗ്രീഷ്മ ചെയ്തതായി കോടതി കണ്ടെത്തിയിട്ടുണ്ട്. അമ്മാവനായ നിർമലകുമാരൻ നായർ തെളിവു നശിപ്പിച്ചതായും കോടതി കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രണ്ടാം പ്രതിയായി ചേർത്തിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 2022 ഒക്ടോബർ 14 നാണ് തൻ്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകിയത്. ഒക്ടോബർ 25 ന് ഷാരോൺ മരിക്കുകയും ചെയ്തു.

വിധിപ്രസ്താവത്തില്‍ കോടതി

കേരള പൊലീസിനെ കോടതി അഭിനന്ദിച്ചു. പൊലീസ്, അന്വേഷണം അതിസമർത്ഥമായി നടത്തിയെന്നും കോടതി പറഞ്ഞു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച്, പൊലീസും മാറി. സാഹചര്യ തെളിവുകൾ മികച്ച രീതിയിൽ പ്രതികളെ കുടുക്കാനായി പൊലിസ് ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത നാൾ മുതൽ തനിക്ക് എതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

- Advertisement -

ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ പിന്നെ ഇണയെ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുന്നിൽ പ്രസക്തി ഉള്ള കാര്യമല്ല. അതേ സമയം സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നു പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി പറഞ്ഞു.

11 ദിവസം ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നിരുന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോൺ വിളിച്ചിരുന്നത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയതും. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച ഗ്രീഷ്മയുടെ കൗശലം പക്ഷേ വിജയിച്ചില്ല. ഒക്ടോബർ 14 ന് ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു.

സ്നേഹിക്കുന്ന ഒരാളെയും കണ്ണടച്ച് വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാൽ പോരാ. മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ​ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു എന്നും കോടതി നിരീക്ഷിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment