കാട്ടാക്കട സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ എന്ന അശോകനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും. തിരുവനന്തപുരം നാലാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയാണ് വിധി പ്രഖ്യാപിച്ചത്. ശംഭുകുമാര്‍, ശ്രീജിത്ത്, ഹരികുമാര്‍, ചന്ദ്രമോഹന്, സന്തോഷ് എന്നിവര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയത്. മറ്റ് 3 പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.
2013 മേയ് രണ്ടിനായിരുന്നു സംഭവം. കൊല്ലപ്പെട്ട ശ്രീകുമാറിന്റെ സുഹൃത്ത് ബിനു ഒന്നാം പ്രതി ശംഭുകുമാറില്‍ നിന്ന് തന്റെ ബൈക്കിന്റെ ആര്‍സി ബുക്ക് പണയംവച്ച് 10,000 രൂപ പലിശയ്ക്കു വാങ്ങിയിരുന്നു. പലിശ നല്കിയതു കുറഞ്ഞതിനാല്‍ ബിനുവിന്റെ ബൈക്കിന്റെ താക്കോല്‍ ശംഭുകുമാര്‍ എടുത്തു. ഇതു ശ്രീകുമാര്‍ ചോദ്യം ചെയ്യുകയും ശംഭുവിനെ മര്‍ദിക്കുകയും ചെയ്തു. ഇതിനു പ്രതികാരമായാണു ശംഭുവിന്റെ സുഹൃത്തുക്കളായ പ്രതികള്‍ ശ്രീകുമാറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.
