ഒടുവിൽ തൃണമൂലെങ്കിൽ തൃണമൂൽ എന്നുറച്ച് പി വി അൻവർ എം എൽ എ. ഡി എം കെ മോഹങ്ങൾ പൊലിഞ്ഞതിനു പിന്നാലെ മമതയോടിണങ്ങാനാണ് നിലമ്പൂർ നിയമസഭാംഗം കൂടിയായ അൻവറിൻ്റെ തീരുമാനം. ഇന്ന് കൊൽക്കത്തയിൽ മമതാ ബാനർജിക്കൊപ്പം അൻവർ മാധ്യമങ്ങളെ കണ്ടേയ്ക്കുമെന്നും പറയുന്നു. തൃണമൂൽ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിയിൽ നിന്ന് ഇന്നലെയാണ് അൻവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
ഫെബ്രുവരി ആദ്യവാരത്തിൽ മമത ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്തി ശക്തി തെളിയിക്കാനാണ് അൻവറിൻ്റെ ശ്രമം. തൃണമൂൽ പാർട്ടിയുടെ സംസ്ഥാന കോ – ഓർഡിനേറ്റർ എന്ന പദവിയാണത്രേ അൻവറിനു നൽകുന്നത്. പുതിയ പാർട്ടിയിൽ ചേർന്നാൽ നിലവിൽ സ്വതന്ത്ര എം എൽ എയായി തുടരുന്ന അൻവറിന് നിയമസഭയിലെ അംഗത്വം നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്. ഇത് സംബന്ധിച്ച നിയമ പ്രശ്നങ്ങൾ അദ്ദേഹം വിദഗ്ധരുമായി ചർച്ച ചെയ്തതായും വിവരമുണ്ട്.
ടി എം സി പാർട്ടിയുടെ കേരളത്തിലെ ചുമതലകൾ ഏകോപിപ്പിക്കാൻ എം പി മാരായ മഹുവ മോയത്ര, സുസ്മിത ദേവ് എന്നിവർക്ക് മമത ചുമതല നൽകിയിരിക്കുകയാണ്.
