ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ മരണസംഖ്യ ആറായതായി വിവരം. ഒട്ടനവധി പേർക്ക് പരിക്കുമുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് ദർശനത്തിനുള്ള ടോക്കൺ വിതരണം ചെയ്തിരുന്ന കൗണ്ടറിനു സമീപത്തെ തിക്കിലും തിരക്കിലും പെട്ടാണ് ജീവനുകൾ പൊലിഞ്ഞത്.
കഴിഞ്ഞ ദിവസം അർധരാത്രി മുതൽ തന്നെ ടിക്കറ്റു കൗണ്ടറിനു മുമ്പിൽ ഭക്തരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി നിരയായി നിന്നിരുന്നത്. ടോക്കൺ വിതരണം തുടങ്ങിയപ്പോൾ മുതൽ ഉന്തും തള്ളും തുടങ്ങിയിരുന്നു. ഒടുവിൽ ഇത്തരത്തിൽ ഒരു വൻ ദുരന്തത്തിൽ അത് കലാശിക്കുകയും ചെയ്തു. മരിച്ച ഒരു സ്ത്രീ തമിഴ്നാട് സ്വദേശിയാണന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.