നിയമസഭാ പുസ്‌തകോത്സവത്തിന് നാളെ തിരിതിളിയും

At Malayalam
2 Min Read

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും.

പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്‌നായിക്ക് പ്രകാശനം ചെയ്യും. ജനുവരി 13 വൈകിട്ട് 3.30ന് നടക്കുന്ന സമാപന ചടങ്ങ് നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടൻ ഇന്ദ്രൻസിനെ ചടങ്ങിൽ ആദരിക്കും. പ്രശസ്ത ശ്രീലങ്കൻ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയാകും. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്.

ഡോ. ടി എം തോമസ് ഐസക്കിന്റെ ‘കോരന് കഞ്ഞി കുമ്പിളിൽ തന്നെ: നിയോ ലിബറൽ കാലത്തെ സാമ്പത്തിക നീതി’, കെ എ ബീനയുടെ ‘ആ കസേര ആരുടേതാണ്’, ഇ ടി മുഹമ്മദ് ബഷീറിന്റെ ‘പറയാതെ വയ്യ’, പുത്തലത്ത് ദിനേശൻ രചിച്ച് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന ‘വെള്ളത്തിലെ മീനുകൾ എന്ന പോൽ’, ‘പഴമയുടെ പുതുവായനകൾ’, ‘ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും’, സ്മരണകൾ സമരായുധങ്ങളും’, പ്രഭാത് ബുക്‌സ്‌ പുറത്തിറക്കുന്ന കെ ഇ ഇസ്മായിലിന്റെ ‘നിയമസഭയിലെ കെ ഇ’, ഡോ. സാവിത്രി നാരായണൻ രചിച്ച ‘ജീവിതസാഗരം’ തുടങ്ങി 313 പുസ്തകങ്ങൾ മേളയിൽ പ്രകാശിപ്പിക്കും. 250 സ്റ്റാളുകളിലായി 166 ലധികം ദേശീയ അന്തർദേശീയ പ്രസാധകർ അണിനിരക്കും. 56 പുസ്തക ചർച്ചകൾക്കും വേദിയൊരുങ്ങും. പാനൽ ചർച്ചകൾ, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകപാത്രനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾ നടക്കും.

കുട്ടികൾക്കായി ഒരുക്കുന്ന സ്റ്റുഡന്റ്‌സ് കോർണറാണ് ഈ പതിപ്പിലെ സവിശേഷത. വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ അവിടെ പ്രകാശനം ചെയ്യും. കുട്ടികൾക്കായുള്ള സ്റ്റേജ് പ്രോഗ്രാമുകളും അവതരിപ്പിക്കും. വിദ്യാർത്ഥികൾക്ക് നിയമസഭാ ഹാൾ, മ്യൂസിയങ്ങൾ, മൃഗശാല എന്നിവ സന്ദർശിക്കാനുള്ള പാക്കേജും ഒരുക്കുന്നുണ്ട്. കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്. ദിവസവും വൈകിട്ട് ഏഴ് മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാഷോ നടക്കും. പുസ്തകോത്സവ സ്റ്റാളുകളിൽ നിന്ന് വാങ്ങുന്ന 100 രൂപയിൽ കുറയാത്ത പർച്ചേസിന് സമ്മാന കൂപ്പൺ നൽകും. എല്ലാ ദിവസവും നറുക്കിട്ട് 20 വിജയികൾക്ക് 500 രൂപയുടെ പുസ്തക കൂപ്പൺ നൽകും. പുസ്തകോത്സവത്തിന്റെ ഭാഗമായി ഫുഡ്‌കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്.

- Advertisement -

നിയമസഭാ സമുച്ചയത്തിനുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് പ്രധാന വേദി. അസംബ്ലി-അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾക്കിടയിലെ വേദി, നിയമസഭയുടെ സ്റ്റുഡന്റ്‌സ് കോർണർ, പ്രസാധകരുടെ പരിപാടികൾക്കുള്ള വേദികൾ, ബുക്ക് ഒപ്പിടലിനുള്ള പ്രത്യേക വേദി ഉൾപ്പെടെ ഏഴ് വേദികളിലാണ് പരിപാടികൾ അരങ്ങേറുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment