ഗുണ്ടാനേതാവ് ഓം പ്രകാശിനെ ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു ബാറിൽ നടന്ന ഏറ്റുമുട്ടൽ കേസിലാണ് ഇന്നലെ ഓം പ്രകാശിനെ അറസ്റ്റു ചെയ്തത്. ഈ കേസിൽ നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പൊലിസ് നോട്ടിസ് നൽകിയിട്ടും ഇയാൾ എത്തിയിരുന്നില്ല. പിന്നാലെയാണ് അറസ്റ്റു ചെയ്തത്.
ഈഞ്ചയ്ക്കലുള്ള ബാറിൽ ഡി ജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായതെന്ന് പൊലിസ് അറിയിച്ചു. മറ്റൊരു ഗുണ്ടയായ എയർപോർട്ട് സാജൻ്റെ മകൻ ഡാനിയാണത്രേ ഈ ബാറിൽ ഡി ജെ സംഘടിപ്പിക്കുന്നത്. അവിടെ പാർട്ടിക്കെത്തിയ ഓം പ്രകാശും സുഹൃത്ത് നിധിനും ഡി ജെ സംഘടിപ്പിച്ച സംഘവുമായാണ് ഏറ്റുമുട്ടിയത്.
ഈ സംഭവങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് ശേഖരിക്കുകയും പ്രതികളെ ഓരോരുത്തരെയായി പിടി കൂടുകയുമായിരുന്നു. പരാതിക്കാരില്ലാത്ത കേസിൽ പൊലിസ് ഇടപെട്ടപ്പോഴാണ് ഹോട്ടൽ മാനേജർ പരാതിനൽകാൻ തയ്യാറായത്. മറ്റു 10 പേരെ കൂടി കേസിൽ പിടി കൂടിയിട്ടുണ്ട്. ഡി ജെ പാർട്ടി നടത്തിയ സാജൻ, ഇയാളുടെ മകൻ ഡാനി എന്നിവരും പിടിയിലായിട്ടുണ്ട്.