തിരുവനന്തപുരം മൃഗശാലയിലെ പെൺസിംഹം ഗ്രേസിക്ക് ഇനി ചികിത്സ അമേരിക്കയിൽ നിന്ന് എത്തിച്ച മരുന്ന് കൊണ്ട്. ഗുരുതര ത്വക് രോഗം ബാധിച്ച ഗ്രേസിയ്ക്ക് അമേരിക്കൻ മരുന്നു കൊണ്ടുള്ള ചികിത്സയിൽ ഫലം കണ്ടു തുടങ്ങിയതായി മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ: നികേഷ് കിരൺ പറഞ്ഞു. കുറച്ചു നാളുകളായി പാരമ്പര്യ രീതിയിലുള്ള ചികിത്സ നൽകി വന്നിരുന്നെങ്കിലും അതിൽ കാര്യമായ ഫലം കാണാത്തതു കൊണ്ടാണ് അമേരിക്കയിൽ നിന്ന് ഒരു ഡോസിന് 15,000 രൂപ വിലയുള്ള മരുന്ന് എത്തിക്കേണ്ടി വന്നത്.
തുടക്കത്തിൽ അർബുദ രോഗത്തിൻ്റെ ലക്ഷണങ്ങൾ സംശയിച്ചിരുന്നെങ്കിലും വിശദമായ പരിശോധനയിൽ അതല്ലെന്നും ത്വക് രോഗമാണന്ന് സ്ഥിരീകരിച്ചതായും ഡോക്ടർ പറഞ്ഞു. രോഗമുക്തി നേടിയാൽ ഗ്രേസിയെ ചെന്നൈയിലെ വെണ്ടല്ലൂർ മൃഗശാലയ്ക്കു കൈമാറും. അവിടെ നിന്ന് വേറൊരു പെൺസിംഹത്തെ ഇങ്ങോട്ടു കൊണ്ടു വരും. ജനിതക ഗുണം കൂടിയ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനാണ് ഇങ്ങനെ പെൺസിംഹത്തെ ഇറക്കുമതി ചെയ്യുന്നത്. ജനിച്ചപ്പോൾ തന്നെ കാലുകൾക്ക് സ്വാധീനക്കുറവുള്ള ഗ്രേസി ജീവനക്കാരുടെയും മൃഗശാലയിൽ എത്തുന്നവരുടേയും ഓമനയായാണ് വളർന്നത്.