നാടക സമിതിയുടെ വാഹനം മറിഞ്ഞ് മരിച്ച നടിമാരായ അഞ്ജലി, ജെസി മോഹൻ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു രാവിലെ 8 മണി മുതൽ കായംകുളത്തെ കെ പി എ സി ഓഫിസിൽ പൊതുദർശനത്തിന് വയ്ക്കും. കണ്ണൂർ ജില്ലയിലെ കേളകത്ത് അപകടത്തിൽപ്പെട്ടാണ് ഇരുവരും മരിച്ചത്. തുടർന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 25,000 രൂപ വീതം അടിയന്തര സഹായം അനുവദിച്ചു.
ജെസി ഓച്ചിറ സ്വദേശിയും അഞ്ജലി കായംകുളം സ്വദേശിയുമാണ്. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒമ്പതു പേർ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കായംകുളം ദേവ കമ്യൂണിക്കേഷൻസിൻ്റെ വനിതാ മെസ് എന്ന നാടകം കണ്ണൂർ കടന്നപ്പള്ളിയിൽ അവതരിപ്പിച്ച ശേഷം അടുത്ത അവതരണത്തിനായി സുൽത്താൻ ബത്തേരിയിലേക്കു പോയപ്പോഴാണ് അപകടം ഉണ്ടായത്. വാഹനത്തിൽ 14 പേരാണ് ഉണ്ടായിരുന്നത്.
ഗൂഗിൾ മാപിലൂടെ വഴി നോക്കിയാണ് ഇവർ സഞ്ചരിച്ചിരുന്നതെന്ന് പറയുന്നു. ഇടയ്ക്കു വച്ച് വഴിതെറ്റി. തുടർന്ന് വീണ്ടും യാത്ര തുടർന്നു. മലയാംപാടി എന്ന സ്ഥലത്തെ കൊടുംവളവിലാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
