തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവകലാശാലയിൽ വിളമ്പുന്ന ഭക്ഷണം ഏറ്റവും മോശപ്പെട്ടതെന്ന് ആക്ഷേപം. ഇന്നത്തെ ഉച്ച ഭക്ഷണത്തിനൊപ്പം നൽകിയ അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. നേരത്തേയും മെസിൽ വിളമ്പുന്ന ഭക്ഷണത്തിൽ നിന്ന് പാറ്റ, പുഴു, പല്ലി എന്നിവയെ കിട്ടിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ ബിന്ദുവിനും വിദ്യാർത്ഥികൾ പരാതി അയച്ചു. പല തവണ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. 300 ൽ അധികം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിലും പൊലിസിലും വിദ്യാർത്ഥികൾ പരാതി നൽകി.
