പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി അനധികൃതമായി പണം കൊണ്ടുവന്നു എന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ പൊലിസ് പരിശോധനക്കെത്തിയത് സംഘർഷത്തിനു കാരണമായി. പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനായി അനധികൃതമായി പണം എത്തിച്ചു എന്ന് തെരഞ്ഞെടുപ്പു കമ്മിഷന് പരാതി ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലിസ് പരിശോധനക്കെത്തിയത്.
വനിത നേതാക്കളായ ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ മുറികൾ പൊലിസ് പരിശോധിച്ചു. ബിന്ദു കൃഷ്ണ പരിശോധനക്ക് വഴങ്ങിയെങ്കിലും ഷാനിമോൾ എതിർത്തതായി പറയുന്നു. ബി ജെ പി നേതാക്കൾ താമസിച്ചിരുന്ന മുറികളിലും പൊലിസ് പരിശോധനക്ക് എത്തിയിരുന്നു. ഷാനിമോൾ ഉസ്മാൻ്റെ മുറിയിൽ പരിശോധനക്കെത്തിയ പൊലിസിനോട് തിരിച്ചറിയൽ കാർഡ് ചോദിച്ചിട്ട് കാണിച്ചില്ലന്ന് ഷാനിമോൾ ആരോപിച്ചു. മാത്രമല്ല തൻ്റെ മുറിയിൽ നിന്ന് ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് എഴുതി നൽകണമെന്നാവശ്യപ്പെട്ടിട്ടും പൊലിസ് അത് നൽകിയില്ലെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയാണ് നടത്തിയതെന്ന് പൊലിസ് പറഞ്ഞു. മുറികളിൽ നിന്ന് പ്രത്യേകിച്ച് ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും പൊലിസ്. ഇതിനിടെ സി പി എം , കോൺഗ്രസ്, ബി ജെ പി പ്രവർത്തകർ സ്ഥലത്ത് തടിച്ചു കൂടുകയും പല തവണ സംഘർഷം ഉണ്ടാവുകയും ചെയ്തു.
സി പി എം ഒരുക്കിയ നാടകമാണിതെന്നും ജനങ്ങളെ അണിനിരത്തി മറുപടി പറയുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ പാലക്കാട് യു ഡി എഫ് വ്യാപകമായി പണം വിതരണം ചെയ്യാനുള്ള പദ്ധതി ഇട്ടതായും പണം ഷാനിമോൾ ഉസ്മാൻ്റെ മുറിയിൽ ഉണ്ടായിരുന്നതായും എ എ റഹിം എം പി ആരോപിച്ചു. മുറി തുറക്കാൻ ഷാനിമോൾ ഏറെ വൈകിയത് ആ പണം മാറ്റാനുള്ള സമയമെടുത്തതുകൊണ്ടാണന്നും റഹിം പറഞ്ഞു. റഹിമിൻ്റെ ആരോപണത്തെ പുച്ഛിച്ചു തള്ളുന്നതായി ഷാനിമോൾ ഉസ്മാൻ പറഞ്ഞു.