സംസ്ഥാന സ്കൂൾ കായിക മേളക്കെത്തുന്ന വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. മേളയുടെ ആദ്യ ദിനമായ അഞ്ചാം തീയതി മുതൽ പതിനൊന്നാം തീയതിവരെയാണ് സൗജന്യ യാത്ര നൽകുക. എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷാണ് ഇക്കാര്യം അറിയിച്ചത്.
2,500 ഓളം കുട്ടി കായിക താരങ്ങൾ 39 ഇനം കായിക മത്സരങ്ങളിൽ പങ്കാളികളാകുന്ന മേള എറണാകുളത്തിൻ്റെ വലിയ മേളകളിലൊന്നാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. 1,000 കുട്ടികൾക്ക് ഒരു ദിവസം മെട്രോയിൽ സൗജന്യ യാത്ര ചെയ്യാനുള്ള അനുമതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. തെക്കു തിരുവനന്തപുരത്തു നിന്നും വടക്ക് കാസർഗോഡ് നിന്നും രണ്ടു ദീപശിഖകൾ പ്രയാണം നടത്തി എറണാകുളത്ത് എത്തുന്നുണ്ട്. ചരിത്രത്തിലാദ്യമായി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എട്ടു സ്കൂളുകളിലെ കായിക താരങ്ങളും കായിക മേളയിൽ പങ്കെടുക്കും.

സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമ്പോൾ ഉദ്ഘാടന ചടങ്ങിൽ നടൻ മമ്മുട്ടി മുഖ്യാതിഥിതി ആകും. വിജയികൾക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫി നൽകുന്നതും സ്കൂൾ കായിക മേളയുടെ ചരിത്രത്തിൽ ആദ്യമാണ്.
