നടൻ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട വ്യക്തിയെ ജോജു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. സിനിമയിലെ റേപ് സീൻ സംബന്ധിച്ചും നടീനടൻമാരുടെ അഭിനയത്തെ സംബന്ധിച്ചും കഥയെ സംബന്ധിച്ചുമൊക്കെ മോശം കമൻ്റിട്ട ആദർശിനെയാണ് ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന പരാതി ഉണ്ടായത്. വിളിച്ചത് താൻ തന്നെയാണെന് ജോജു സമ്മതിക്കുകയും ചെയ്തു.
പണി എന്ന ചിത്രം വളരെ മോശമാണെന്ന തരത്തിലാണ് ആദർശ് കമൻ്റിട്ടത്. റേപ് സീനൊക്കെ പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓർമിപ്പിക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും സിനിമ ആകെ നിരാശയാണ് പ്രേക്ഷകന് സമ്മാനിക്കുന്നതെന്നുമാണ് ഇയാൾ എഫ് ബിയിൽ എഴുതിയത്. ജോജു തന്നെ വിളിച്ച്, മുന്നിൽ വന്നു നിൽക്കാൻ ധൈര്യമുണ്ടോ നിന്നെ കാണിച്ചു തരാം എന്നുമൊക്കെ ഭീഷണിപ്പെടുത്തി എന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.
എന്നാൽ, തൻ്റെ സിനിമയെക്കുറിച്ച് നിരവധി പേർ നെഗറ്റിവ് റിവ്യൂ നടത്തിയെന്നും അതിലാരെയും താൻ വിളിച്ചിട്ടില്ലെന്നും ജോജു പറയുന്നു. പക്ഷേ, ഈ വ്യക്തി നിരന്തരം സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്ഫോമുകളിൽ ചിത്രത്തെപ്പറ്റി അധിക്ഷേപം നടത്തിയതായും അതിൽ തന്നെ കമൻ്റു ചെയ്തവരോട് സിനിമ കാണരുത് എന്ന് പറഞ്ഞതായും കണ്ടു. നല്ല മുതൽ മുടക്കിൽ നിർമിച്ച ചിത്രമാണ് പണി. തുടക്കം മുതൽ ചിത്രത്തെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ ഞങ്ങൾ ആകെ തകർന്നിരിക്കുമ്പോഴാണ് ഇയാൾ നിരന്തരമായി ചിത്രത്തെ വേട്ടയാടാൻ തുടങ്ങിയത്. ആദ്യ നെഗറ്റിവ് റിവ്യൂകളിൽ നിന്ന് ആളുകൾ സിനിമ കണ്ട് നല്ല സിനിമയാണ് കൊള്ളാം എന്നു പറയുന്ന സാഹചര്യത്തിലാണ് ഇയാൾ ഇത്തരം പ്രവൃത്തികൾ ചെയ്തത്. അത് അവസാനിപ്പിക്കണം എന്നാവശ്യപ്പെടാനാണ് താൻ യുവാവിനെ ഫോണിൽ വിളിച്ചതെന്നും ജോജു വിശദീകരിക്കുന്നു.
