പണിയ്ക്കായി വീട്ടുപറമ്പിൽ വാടകക്ക് കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം (ഹിറ്റാച്ചി) സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ച വീട്ടുടമസ്ഥൻ തല യന്ത്രത്തിൽ കുടുങ്ങി മരിച്ചു. കോട്ടയം ജില്ലയിലെ പാലായിലാണ് സംഭവം. പാലാ കരൂർ സ്വദേശി പോൾ ജോസഫാണ് ദാരുണമായി കൊല്ലപ്പെട്ടത്.
പറമ്പിൽ ജോലി ചെയ്യുന്നതിനിടെ യന്ത്രം നിർത്തിയിട്ട് ഓപ്പറേറ്റർ പുറത്തു പോയി. ഈ സമയത്താണ് പോൾ ജോസഫ് യന്ത്രത്തിൽ കയറി സ്വയം പ്രവർത്തിപ്പിക്കുവാൻ ശ്രമിച്ചത്. പോളിന് ഇതിൻ്റെ പ്രവർത്തനത്തെക്കുറിച്ച് അറിവില്ലായിരുന്നു. പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോളിൻ്റെ തല യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. പൊലിസും അഗ്നിശമന സേനാ വിഭാഗവും എത്തിയാണ് മൃതദേഹം യന്ത്രത്തിൽ നിന്നു മാറ്റിയത്.