തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ മരിച്ച ദമ്പതിമാരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഭാര്യയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. വ്ലോഗർ ദമ്പതിമാരായ ചെറുവാരക്കോണം സ്വദേശി സെൽവരാജ് ആണ് ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നത് എന്ന് കണ്ടെത്തി. ഭാര്യയെ കട്ടിലിൽ ഇട്ട് കഴുത്ത് ഞെരിച്ചു കൊന്നശേഷം സെൽവരാജ് തൂങ്ങി മരിക്കുകയായിരുന്നു. സെല്ലു ഫാമിലി എന്നാണ് ഇവരുടെ യുട്യൂബ് ചാനലിൻ്റെ പേര്.
നഴ്സായി എറണാകുളത്ത് ജോലി ചെയ്യുന്ന മകൻ തിരികെ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾ മരിച്ച വിവരം അറിയുന്നത്. പുറത്തെ ഗേറ്റ് പൂട്ടിയ നിലയിലും വീടിൻ്റെ വാതിലുകൾ തുറന്ന നിലയിലും കണ്ടതിൽ ഇവരുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. പ്രിയയുടെ കഴുത്തിൽ കയറിട്ടു മുറുക്കി കൊല്ലുകയായിരുന്നു സെൽവരാജ് എന്നാണ് പൊലിസ് പറയുന്നത്. കയറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.