എൻ സി പി എം എൽ എ തോമസ് കെ തോമസിനെ മുന്നണിയിൽ സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സി പി എംൽ എതിരഭിപ്രായമുയരുന്നു. തുടർന്നും എങ്ങനെ സഹകരിപ്പിക്കണം എന്നത് സംബന്ധിച്ച് പാർട്ടിയും മുന്നണിയും ഗൗരവമായി ആലോചിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ആൻ്റണി രാജു, കോവൂർ കുഞ്ഞുമോൻ എന്നീ എം എൽ എ മാർ എൻ സി പി അജിത് പവാർ വിഭാഗത്തിൽ ചേരണമെന്നാവശ്യപ്പെട്ട് 50 കോടി രൂപ വീതം ഇരുവർക്കും നൽകാം എന്ന് തോമസ് കെ തോമസ് വാഗ്ദാനം ചെയ്തു എന്നതാണ് വെളിപ്പെടുത്തൽ.
എന്നാൽ ഈ ആരോപണം ആൻ്റണി രാജു കെട്ടിച്ചമച്ചതാണെന്നും തനിക്കിതിനെപ്പറ്റി കേട്ടു കേൾവി പോലുമില്ലെന്നുമാണ് തോമസ് കെ തോമസ് പറയുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കോഴ ആരോപണം സംബന്ധിച്ച് ആൻ്റണി രാജുവാണ് സ്ഥിരീകരണം നൽകിയത്. എന്നാൽ കോവൂർ കുഞ്ഞുമോൻ നിഷേധിക്കുകയും ചെയ്തു. ഇരു എം എൽ എ മാരും കോഴ വാഗ്ദാനം ചെയ്തത് നിഷേധിച്ചതായും തങ്ങൾ ഇടതുമുന്നണിയുടെ ഭാഗമായി നിന്നു ജയിച്ചവരാണെന്നും തുടർന്നും ഇടതു മുന്നണിയിൽ തന്നെ തുടരുമെന്നും തോമസ് കെ തോമസിനോട് പറഞ്ഞതായുമാണ് ആൻ്റണി രാജു മുഖ്യമന്ത്രിയോട് വെളിപ്പെടുത്തിയത്.
ഈ വിവാദത്തിൻ്റെ വെളിച്ചത്തിലാണ് തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി വിസമ്മതിച്ചത് എന്നും പറയുന്നു. താൻ നിരപരാധിയാണെന്ന് പറഞ്ഞിട്ടും മുഖ്യന്ത്രിയുടെ സമീപനത്തിൽ മാറ്റമില്ലാത്തതിൽ തോമസ് കെ തോമസ് അസ്വസ്ഥനാണ്. എൻ സി പി യിലും ഇതു സംബന്ധിച്ച് അതൃപ്തിയുള്ളതായാണ് വിവരം. എന്നാൽ എൻ സി പി യിൽ മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം സന്തോഷത്തിലുമാണെന്നാണ് വിവരം.