പിന്നണിഗായിക മച്ചാട്ട് വാസന്തി നിര്യാതയായി. 80 വയസായിരുന്നു അവരുടെ പ്രായം. ഏറെ നാളായി അസുഖങ്ങളെ തുടർന്ന് അവർ ആശുപത്രിയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരക്കവേയാണ് മരിച്ചത്. തുടർച്ചയായി ഉണ്ടായ അപകടങ്ങൾ അവരെ ശയ്യാവലംബയാക്കുകയായിരുന്നു.
മലയാളത്തിലെ ഒരു പിടി മികച്ച നാടക – സിനിമാ ഗാനങ്ങൾക്ക് അവരുടെ മാധുര്യമൂറുന്ന ശബ്ദം പിൻബലം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് എം എസ് ബാബുരാജിൻ്റെ ഗാനങ്ങൾ ആലപിച്ചാണ് അവർ ഏറെ ശ്രദ്ധ നേടിയത്. സജീവ കമ്മ്യൂണിസ്റ്റുകാരിയായിരുന്ന അവർ പാർട്ടി വേദികളിൽ വിപ്ലവ ഗാനങ്ങളടക്കം ആലപിച്ചാണ് സംഗീത രംഗത്ത് എത്തുന്നത്.
നമ്മളൊന്ന് എന്ന നാടകത്തിനു വേണ്ടി മച്ചാട്ട് വാസന്തി ആലപിച്ച പച്ചപനം തത്തേ പുന്നാര പൂമുത്തേ എന്ന ഗാനം ( ഈ ഗാനം യേശുദാസ് എം ജയചന്ദ്രൻ്റെ സംഗീതത്തിൽ പിൽക്കാലത്ത് നോട്ടം എന്ന സിനിമക്കായി പാടിയിട്ടുണ്ട് ) ഏറ്റവും ശ്രദ്ധേയമായി. പ്രശസ്ത കവി പൊൻകുന്നം ദാമോദരൻ്റേതായിരുന്നു വരികൾ. ഓളവും തീരവും എന്ന ചിത്രത്തിനു വേണ്ടി വാസന്തി പാടിയ മണിമാരൻ തന്നത് പണമല്ല പൊന്നല്ല എന്ന ഗാനവും പഴയ തലമുറ മലയാളികളുടെ പ്രിയ ഗാനങ്ങളിൽ ഒന്നാണ്. ബാബുരാജിൻ്റെ ആദ്യ സിനിമയായ മിന്നാമിനുങ്ങിലെ ആദ്യഗാനം പാടിയതും മച്ചാട്ട് വാസന്തി തന്നെയാണ്. മീശ മാധവൻ എന്ന ചിത്രത്തിൽ വിദ്യാസാഗറിൻ്റെ സംഗീതത്തിൽ പത്തിരി ചുട്ട് എന്ന ഗാനവും മച്ചാട്ട് വാസന്തി പാടിയിരുന്നു.
കണ്ണൂർ ജില്ലയിലെ കക്കാട് മച്ചാട്ട് കൃഷ്ണൻ – കല്യാണി ദമ്പതികളുടെ മകളാണ് വാസന്തി . ഇന്ന് രാവിലെ 10 മണിയോടെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനമുണ്ടാകുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.