നവരാത്രി ആഘോഷങ്ങൾക്കിടെ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ തലമുടി മുറിച്ചു മാറ്റിയതായി പരാതി. ആലപ്പുഴ ജില്ലയിലെ കലവൂർ പ്രീതികുളങ്ങരയിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അയൽവാസി കൂടിയായ ഒരു മധ്യ വയ്സ്ക്കനാണ് മുടി മുറിച്ചതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. സംഭവശേഷം സംശയിക്കുന്ന വ്യക്തി ഒളിവിൽ പോയതായും പറയുന്നു.
ഇന്നലെ (ശനി) രാത്രി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം. മുടി മുറിച്ചതായി സംശയിക്കുന്ന വ്യക്‌തിയുമായി വിദ്യാർത്ഥിനിയുടെ വീട്ടുകാർക്ക് വിരോധമുണ്ടെന്ന് പറയുന്നു. അതാകാം മുടി മുറിയുടെ പിന്നിലെന്ന് സംശയിക്കുന്നു. പരാതി കിട്ടിയാലുടൻ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
