സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

At Malayalam
1 Min Read

സ്ത്രീകള്‍ തമ്മിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായും പലപ്പോഴും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ഇന്ന് ആരംഭിച്ച മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.

കടം, പലിശയ്ക്ക് നല്‍കല്‍, സ്വകാര്യ ചിട്ടി തുടങ്ങിയവയിലൂടെ നിരവധിപേര്‍ക്ക് പണം നഷ്ടമാകുന്നുണ്ട്. ഇത് സംബന്ധിച്ച നാലു പരാതികളാണ് ഇന്ന് അദാലത്തില്‍ പരിഗണനയ്ക്ക് വന്നത്.
വെറും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പണം നല്‍കുന്നത്. പലവിധ കാരണങ്ങളാല്‍ പണം തിരികെ ലഭിക്കാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പണം നല്‍കിയതിന് യാതൊരു രേഖയുമില്ലാത്തതിനാല്‍ പൊലീസ് ഇടപെടല്‍പോലും സാധ്യമാകാതെ വരുന്നുണ്ടെന്നും സതീദേവി ചൂണ്ടിക്കാട്ടി.

ഗാര്‍ഹിക പീഡനവും അയല്‍വാസികളുമായുള്ള തര്‍ക്കവും കൂടുതലായി കണ്ടുവരുന്നു. ഭവന സമുച്ചയങ്ങളിലെ ഫ്‌ളാറ്റ് ഉടമകള്‍ തമ്മിലുള്ള പൊതുസ്ഥല വിനിയോഗം സംബന്ധിച്ച തര്‍ക്കങ്ങളാണ് പുതുതായി കണ്ടുവരുന്ന പ്രവണത. നടക്കുന്ന വഴിയില്‍ ചെടിച്ചട്ടി വച്ചു തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ തുടങ്ങുകയും പിന്നീട് വിഷയം കൈവിട്ടുപോകുകയുമാണ് ചെയ്യുന്നത്.

ദാമ്പത്യ പ്രശ്‌നങ്ങളില്‍ രക്ഷിതാക്കളുടെ ഇടപെടലുകളാണ് മിക്കവാറും പ്രശ്‌നം വഷളാക്കുന്നത്. രമ്യമായി പരിഹരിക്കാവുന്ന പരാതികളാണ് ഇതില്‍ കുടുതലും. അത്തരം കേസുകള്‍ ജില്ലാ നിയമസഹായ അതോറിട്ടിയുടെ കൗണ്‍സിലിംഗിന് അയക്കുന്നുണ്ട്. അദാലത്തു വേദികള്‍ക്ക് പുറമേ വനിതാ കമ്മീഷന്‍ ആസ്ഥാനത്തും കൗണ്‍സിലിംഗിന് ഇപ്പോള്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരര്‍ക്കിടയിലും ദാമ്പത്യ പ്രശ്‌നങ്ങള്‍ കൂടുന്നതായി കാണുന്നു. അത്തരം പരാതിയും അദാലത്തില്‍ ഇന്ന് എത്തിയിരുന്നുവെന്നും സതീദേവി പറഞ്ഞു.
വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി, അംഗങ്ങളായ ഇന്ദിരാ രവീന്ദ്രന്‍, എലിസബത്ത് മാമ്മന്‍ മത്തായി, വി ആര്‍ മഹിളാമണി, കുഞ്ഞായിഷ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

- Advertisement -

ആദ്യ ദിവസമായ ഇന്ന് 175 പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ 36 എണ്ണത്തിന് പരിഹാരം കാണാനായി. ആറ് കേസുകളില്‍ റിപ്പോര്‍ട്ട് തേടുകയും രണ്ട് കേസുകള്‍ കൗസലിംഗിന് വിടുകയും ചെയ്തു. 131 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. തിരുവനന്തപുരം നഗരത്തിന് പുറത്തുള്ളവരുടെ പരാതികളാണ് നാളെ പരിശോധിക്കുന്നത്. പുതിയ പരാതികളും അദാലത്ത് വേദിയില്‍ സ്വീകരിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment