ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ല, അടി തുടങ്ങി കോൺഗ്രസ്

At Malayalam
1 Min Read

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നറിഞ്ഞതേയുള്ളു പതിവുപോലെ അടി തുടങ്ങി കോൺഗ്രസ്. നിലവിൽ വിഷയം പാലക്കാട് നിയമസഭാ സീറ്റിനെ സംബന്ധിച്ചാണ്. ഷാഫി പറമ്പിൽ ഒഴിഞ്ഞ പാലക്കാട് സീറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ് വിവിധ നേതാക്കൾ. പോയ വഴി രാഹുൽ മാങ്കൂട്ടത്തിൻ്റെ പേരും പറഞ്ഞിട്ടാണ് ഷാഫി പറമ്പിൽ പടിയിറങ്ങിയത്. മാങ്കൂട്ടം എന്ന് കേട്ടപ്പഴേ പാലക്കാട്ടത്തെ കോൺഗ്രസ് നേതാക്കൾക്ക് കലി തുടങ്ങി.

കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയ എക്സ്പർട്ടായ പി സരിനു വേണ്ടി പാലക്കാട് പിടിയ്ക്കാൻ മറ്റൊരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. പാലക്കാടുള്ള നേതാക്കൾക്ക് സരിനാണേൽ വലിയ കുഴപ്പമില്ല എന്ന നിലപാടിലാണന്ന് പറയുന്നു. പിന്നാലെ, പ്രതിപക്ഷ നേതാവിനെ കണ്ട് കാര്യങ്ങൾ ഉറപ്പിക്കാൻ സരിൻ തലസ്ഥാനത്ത് എത്തിയിട്ടുമുണ്ട്.

പാലക്കാട് ഒരു കാരണവശാലും രാഹുൽ മാങ്കൂട്ടത്തിനെ വേണ്ട എന്ന് പാലക്കാടൻ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബി ജെ പി, മെട്രോമാൻ ഇ ശ്രീധരനെ ഇറക്കി കളം നിറഞ്ഞപ്പോൾ ഷാഫി പറമ്പിൽ നന്നായി വെള്ളം കുടിച്ചിരുന്നു. ഞെങ്ങി ഞെരുങ്ങി ഷാഫി ജയിച്ചപ്പോൾ സി പി എം വോട്ടിൻ്റെ പിന്തുണയിലാണ് ഷാഫി വിജയം കണ്ടതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

പാലക്കാട്ട് സി പി എം ൻ്റെ വോട്ടുകൾ കൂടി കിട്ടുന്ന സ്ഥാനാർത്ഥിയാകണം നിൽക്കേണ്ടത് എന്നാണ് രാഹുൽ വിരുദ്ധരുടെ വാദം. വായ തുറന്നാൽ സി പി എം വിരുദ്ധത മാത്രം പറയുന്ന രാഹുൽ നിന്നാൽ അതൊരു ദുരന്തമാകുമെന്നാണ് അവർ വാദിയ്ക്കുന്നത്. മുൻ എം പി, കെ മുരളീധരൻ്റെ പേരും രാഹുൽ വിരുദ്ധർ മുന്നോട്ടു വയ്ക്കുന്നു.

- Advertisement -

ബി ജെ പി യാകട്ടെ ഇത്തവണയും മികച്ച സ്ഥാനാർത്ഥിയെ തന്നെ നിർത്താനാണ് നീക്കമെന്ന് റിപ്പോർട്ടുണ്ട്. കെ സുരേന്ദ്രൻ്റെയും ശോഭ സുരേന്ദ്രൻ്റെയും പേരുകൾക്ക് മുൻ തൂക്കവുമുണ്ട്. സി പി എം ആകട്ടെ കഴിഞ്ഞ കുറേക്കാലങ്ങളായി ഇവിടെ മൂന്നാം സ്ഥാനത്താണ്. എന്നാൽ ഇത്തവണ കരുത്തുള്ള സ്ഥാനാർത്ഥിയെ നിർത്തി പാലക്കാട് തിരിച്ചു പിടിക്കാനാണ് അവർ ശ്രമിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment