റിപ്പോർട്ട് ഇന്നു തന്നെ കൈമാറും

At Malayalam
2 Min Read

എ ഡി ജി പി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാറിന് നൽകുമെന്നറിയുന്നു. അൻവറിന്റെ പരാതിയിലും ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡി ജി പിയുടെ നിലപാടാണ് ഏറെ നിർണ്ണായകം. അന്വേഷണത്തിനുള്ള സമയപരിധി ഇന്നവസാനിക്കവേയാണ് റിപ്പോർട്ട് കൈമാറുന്നത്.

മാമി തിരോധാന കേസ് ഉള്‍പ്പെടെ എ ഡി ജി പി അട്ടിമറിക്കാൻ ശ്രമിച്ചതായി അൻവർ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ് പി ഓഫീസിലെ മരംമുറി, കടത്തിയ സ്വർണം പിടികൂടി പങ്കിട്ടെടുക്കൽ, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോർത്തൽ, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. അനധികൃത സാമ്പത്തിക സമ്പാദനവും മരംമുറിയും വിജിലൻസിന് കൈമാറി. പൂരം അട്ടിമറിയും, ഫോണ്‍ ചോർത്തലും ഇതിനകം തന്നെ റിപ്പോർട്ടായി സർക്കാരിനു മുന്നിലുണ്ട്. ഏറ്റവുമൊടുവിലാണ് എ ഡി ജി പി യുടെ ആർ എസ് എസ് കൂടിക്കാഴ്ച അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.

മാമി തിരോധാന കേസ് രണ്ടു പ്രാവശ്യം എ ഡി ജി പി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. തുടക്കത്തിൽ തന്നെ തിരോധാനത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളുണ്ടായിട്ടും അന്വേഷണ സംഘം അത് ശേഖരിച്ചില്ല. കോഴിക്കോട് കമ്മീഷണറുടെ കീഴിലുള്ള അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. വീണ്ടും ഡി ജി പിക്ക് പരാതി വന്നപ്പോഴാണ് എ ഡി ജി പി നേരിട്ട് അന്വേഷണ വിശദാംശങ്ങൾ പരിശോധിച്ചത്. പക്ഷേ എന്നിട്ടും അന്വേഷണത്തിൽ വേണ്ടത്ര പുരോഗതിയുണ്ടായില്ല. ഇത് സംബന്ധിച്ച് റിപ്പോട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന.

പൂരം കലക്കലിൽ എ ഡി ജി പിയുടെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിന് ഡി ജി പി നേരത്തെ ശുപാർശ ചെയ്തിരുന്നു. ക്രമസമാധാന ചുമതലയിൽ എം ആർ അജിത് കുമാർ തുടരുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ ഡി ജി പിയുടെ നിഗമനമാകും. കൂടിക്കാഴ്ച വ്യക്തിപരമെന്ന് എ ഡി ജി പി ന്യായീകരിച്ചിട്ടുണ്ട്. രണ്ട് ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ചക്ക് സഹായിച്ച എ ഡി ജി പിയുടെ സുഹൃത്തും ആർ എസ് എസ് നേതാവുമായ ജയകുമാർ മൊഴി നൽകിയിട്ടില്ല.

- Advertisement -

എ ഡി ജി പി സ്വയം സമ്മതിച്ച സാഹചര്യത്തിൽ സാഹചര്യ തെളിവുകള്‍ അനുസരിച്ച് കൂടിക്കാഴ്ചയിൽ സംശയങ്ങളുന്നയിച്ച് റിപ്പോർട്ട് നൽകാം. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് വീഴ്ച്ച വരുത്തി എ ഡി ജി പി , ആ‌ർ എസ് എസ് നേതാക്കളെ കണ്ടിട്ടുണ്ടെങ്കിൽ നടപടിയെന്നാണ് മുഖ്യമന്ത്രിയും സി പി എമ്മും പറയുന്നത്. കൂടിക്കാഴ്ചയിൽ ചട്ടലംഘനം ഉണ്ടായതായി ഡി ജി പിയുടെ റിപ്പോർട്ടിലുണ്ടാകുമോയെന്ന് എൽ ഡി എഫിലെ ഘടകക്ഷികളും ഒറ്റുനോക്കുന്നുണ്ട്.

അന്വേഷണ സംഘത്തിലുള്ള തൃശൂർ റെയ്ഞ്ച് ഡി ഐ ജി ഉള്‍പ്പെടെ നാല് അംഗങ്ങള്‍ തലസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസമായി ക്യാമ്പ് ചെയ്താണ് റിപ്പോർട്ട് പൂർത്തിയാക്കിയത്. ഈ റിപ്പോർട്ടിലാണ് ഡി ജി പി സ്വന്തം അഭിപ്രായം രേഖപ്പെടുത്തി നൽകിയത്. റിപ്പോർട്ടിൻ്റെ പുറത്ത് ഇന്ന് തന്നെ അജിത് കുമാറിനെതിരെ നടപടി എടുക്കുമെന്ന പ്രതീക്ഷയിലാണ് സി പി ഐ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment