പിതാവിന് അടിയന്തര ചികിത്സ കിട്ടാതെ മരിച്ചപ്പോൾ കാരണം അന്വേഷിച്ച് ആശുപത്രിയിലെത്തിയ മകൻ വ്യാജ ഡോക്ടറെ കുടുക്കി. കോഴിക്കോട് ജില്ലയിലെ കോട്ടക്കടവ് ടി എം എച് ആശുപത്രിയിലെ ആർ എം ഒ ആയ തിരുവല്ലക്കാരൻ അബു ഏബ്രഹാം ലൂക്കിനെയാണ് ഇതുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റു ചെയ്തത്. മുക്കം കെ എം സി സി മെഡിക്കൽ കോളജിൽ കേവലം രണ്ടു വർഷം മാത്രം എം ബി ബി എസ് പഠിച്ച അബു അഞ്ചു കൊല്ലമായി കോട്ടക്കടവ് ടി എം എച് ആശുപത്രിയിലെ ആർ എം ഒ യായി ജോലി ചെയ്തു വരികയായിരുന്നു.
പൂച്ചേരിക്കുന്ന് സ്വദേശി 60 കാരനായ വിനോദിനെ കടുത്ത നെഞ്ചു വേദനയെ തുടർന്നാണ് അബുവിൻ്റെ അടുത്ത് എത്തിക്കുന്നത്. അബു, വിനോദിന് പ്രാഥമിക ചികിത്സ നൽകാതെ ഇ സി ജിയും രക്തപരിശോധനയും നിർദേശിച്ചു. ഇതിനിടയിൽ സ്ഥിതി ഗുരുതരമായ വിനോദ് മരിച്ചു. വിനോദിൻ്റെ മകനും പി ജി ഡോക്ടറുമായ അശ്വിൻ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആശുപത്രിയിൽ ചെന്ന് നടത്തിയപ്പോഴാണ് അബുവിൻ്റെ കള്ളക്കളികൾ പുറത്തായത്.
മരിച്ച വിനോദിൻ്റെ അനന്തരവൾ അബുവിൻ്റെ ജൂനിയർ ബാച്ചിൽ കെ എം സി സി മെഡിക്കൽ കോളജിൽ എം ബി ബി എസിന് പഠിച്ചിരുന്നു. അബു രണ്ടാം വർഷം പഠനം അവസാനിപ്പിച്ചു പോയതായി അറിയാവുന്നതിനാൽ ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി പൊലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് 35 കാരനായ അബു എന്ന വ്യാജ ഡോക്ടർ കുടുങ്ങിയത്.
സംഭവത്തിൽ ആശുപത്രി അധികൃതർ പറയുന്നത് വിചിത്ര വാദങ്ങളാണ്. ഇയാൾ വ്യാജ രജിസ്റ്റർ നമ്പർ നൽകിയാണ് ആശുപത്രിയിൽ ജോലി നേടിയത് എന്നാണ് അവർ പറയുന്നത്. പരാതി ഉയർന്നപ്പോൾ തന്നെ അന്വേഷണ വിധേയമായി ഇയാളെ പുറത്താക്കിയെന്നും പറയുന്നു. അഞ്ചു കൊല്ലം നിരവധി രോഗികളെ ചികിത്സിച്ചിട്ടും ഇയാൾ വ്യാജനാണെന്ന് മനസിലാക്കാനായില്ല എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നേരത്തേ പലവട്ടം ഇയാൾക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടന്നാണ് നാട്ടുകാർ പറയുന്നത്. അറസ്റ്റിലുള്ള പ്രതിയെ ഇന്ന് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് പറഞ്ഞു.