എ ടി എം കവർച്ചക്കാർ വെറുതേയിങ്ങു വന്നതല്ല

At Malayalam
2 Min Read

തൃശൂരിലെ എ ടി എം കൊള്ളക്കാർ ഒരു സുപ്രഭാതത്തിൽ കയ്യും വീശി കേരളത്തിലെ എ ടി എം ‘ പൊക്കാം ‘ എന്നു കരുതി വന്നവരല്ല. ദീർഘ നാളത്തെ പ്രായോഗിക പരിശീലന പരിപാടികൾ, റിഹേഴ്സലുകൾ തുടങ്ങിയവ ലഭിച്ച പക്കാ പ്രൊഫഷണൽ മോഷ്ടാക്കളാണിവർ എന്നാണ് പൊലിസ് പറയുന്നത്. ‘മേവാത്തി’ ഗ്യാങ്ങ് എന്നാണ് ഇവരുടെ വിളിപ്പേര്. ഹരിയാന – രാജസ്ഥാൻ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശത്തുള്ള മേവാത്ത് എന്ന ഗ്രാമത്തിലുള്ളവരാണിവർ. ‘ ബ്രസ ഗ്യാങ് ‘ എന്ന ഒരു വിളിപ്പേരു കൂടി ഇവർക്കുണ്ടത്രേ. ഈ ഗ്യാങ് ഇതിനോടകം രാജ്യത്താകമാനമാനം കോടിക്കണക്കിനു പണം എ ടി എം കൗണ്ടറുകൾ പൊളിച്ചു കൊണ്ടു പോയിട്ടുള്ളതായാണ് പൊലിസ് പറയുന്നത്.

ഉപയോഗയോഗ്യമല്ലാത്ത എ ടി എമ്മുകൾ ബാങ്കുകളിൽ നിന്ന് ലേലത്തിൽ എടുത്ത് മേവാത്തിൽ കൊണ്ടു പോയി ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് പത്തു മിനിറ്റു കൊണ്ട് എ ടി എം മെഷീനിനുള്ളിലെ ക്യാഷ് ട്രേ കൈക്കുള്ളിലാക്കാനുള്ള വൈദഗ്ധ്യം ഇവർ നേടുന്നു. ഈ പരിശീലനത്തിൻ്റെ പിൻബലത്തിലാണ് സംഘം തൃശൂരിൽ 23 കിലോമീറ്ററിനുള്ളിലെ മൂന്ന് എ ടി എം കൗണ്ടറുകൾ ഒന്നര മണിക്കൂർ കൊണ്ട് പൊളിച്ചെടുത്ത് 69 ലക്ഷം രൂപയും കൊണ്ട് കടന്നു കളഞ്ഞത്. മാത്രമല്ല പൊളിച്ചെടുത്ത പണവും കാറിൽ കയറ്റി കിട്ടാവുന്ന ഊടുവഴികളിലൂടെ സഞ്ചരിച്ച് എത്രയും പെട്ടന്ന് കാത്തുകിടക്കുന്ന കണ്ടെയിനർ ലോറിക്കുള്ളിൽ കാറു തന്നെ കയറ്റി കടന്നുകളയാൻ റിഹേഴ്സൽ പോലും സംഘം നടത്തിയുണ്ടാകുമെന്നും പൊലിസ് സംശയിക്കുന്നു.

മേവാത്തി ഗ്യാങ്ങിൽ എ ടി എം തകർത്ത് പണം കവരാൻ വിദഗ്ധ പരിശീലനം നേടിയ 200 പേർ ഉണ്ടാകും. ഓരോ സംഘങ്ങളായി തിരിഞ്ഞാണ് ഇവർ പണി നടത്തുന്നത്. ഒരു സംഘത്തിൽ 10 പേർ ഉണ്ടാകും. ഇവരുടെ ജോലിയുടെ പരമ പ്രധാനമായ ഭാഗമാണ് പണം കടത്തിക്കൊണ്ടു വരിക എന്നത്. മോഷ്ടിച്ച കാറുകളായിരിക്കും മിക്കപ്പോഴും ഇതിനായി ഉപയോഗിക്കുക. കാറുകൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷിക്കും എന്നതിനാലാണ് കാറ് കണ്ടെയിനറിനുള്ളിൽ കയറ്റി വയ്ക്കുന്നത്.

മേവാത്തി ഭാഗങ്ങളിൽ വ്യവസായ ശാലകൾ ധാരാളമായി ഉള്ളതിനാൽ വിവിധ സംസ്ഥാനങ്ങളിലേക്ക് കണ്ടയിനറുകൾ ദിവസേന പോകുന്നുണ്ട്. ഇവ മടങ്ങി വരുന്നതാകട്ടെ കാലിയായിട്ടാവും. അത്തരത്തിലുള്ള സ്ഥിരം കണ്ടയിനർ ഡ്രൈവർമാരും ഇതിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇവർ , പറയുന്ന സമയത്ത് കണ്ടയിനർ, പറഞ്ഞ സ്ഥലത്ത് എത്തിക്കും. അതിനുള്ളിൽ കാർ കയറ്റി വച്ചാൽ ഒരു വിധം കാര്യങ്ങൾ സുരക്ഷിതമായി. കാർ അന്വേഷിക്കുന്ന പൊലിസിന് കണ്ടെയിനറിനുള്ളിലെ കാർ കണ്ടെത്താൻ മിക്കപ്പോഴും കഴിയാറുമില്ല.

- Advertisement -

മേവാത്തി ഗ്യാങിന് തോക്കുപയോഗിക്കാനും പരിശീലനം കിട്ടിയിട്ടുണ്ട്. അത്യാവശ്യ ഘട്ടത്തിൽ അവർ അത് എടുത്ത് പ്രയോഗിക്കാനും മടി കാണിക്കാറില്ല എന്നും പൊലിസ് പറയുന്നു. മേവാത്തി ഗ്യാങിൻ്റെ തലവനായ യൂസഫ് റാഷിദിനെ ഡെൽഹി പൊലിസ് പിടികൂടിയപ്പോൾ ഇയാളുടെ കയ്യിൽ തോക്കും വെടിയുണ്ടകളും ഉണ്ടായിരുന്നതായി പൊലിസ് റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് ഇവരെ പിടി കൂടാൻ കഴിഞ്ഞത് വലിയ നേട്ടമായി. കാർ കണ്ടെയിനറിനുള്ളിലുള്ളത് മനസിലാക്കാനായത് പ്രദേശത്തുള്ളവരെ കണ്ടെയിനർ ഇടിച്ചിട്ടതുകൊണ്ടാണ്. പ്രദേശവാസികൾ ഇവരെ വളഞ്ഞു വച്ചതു കൊണ്ടു മാത്രമാണ് ഇവരെ പിടി കൂടാനായതും.

Share This Article
Leave a comment