കഴിഞ്ഞ 75 ദിവസത്തോളമായി കേരളം കാത്തിരുന്ന, ചർച്ച ചെയ്ത അർജുൻ എന്ന ചെറുപ്പക്കാരൻ കോഴിക്കോട് കണ്ണാടിക്കലിലെ സ്വന്തം വീടിനു സമീപത്തുള്ള ചിതയിൽ എരിഞ്ഞടങ്ങി. അവസാനമായി ഉറ്റവർക്ക് അർജുൻ്റെ മുഖം കാണാനായില്ല എന്ന ദുഃഖം മാത്രം. അർജുൻ്റെ പ്രിയപ്പെട്ടവൾക്ക്, അമ്മയ്ക്ക്, കൂടപ്പിറപ്പിന് ആ ദേഹത്ത് ഒന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ പോലും ഒന്നും അവശേഷിക്കാതെയാണ് അർജുൻ അഗ്നിയിൽ എരിഞ്ഞടങ്ങിയത്. ഏക ആശ്വാസം സ്വന്തം മണ്ണിൽ, അവശേഷിപ്പുകൾക്ക് അവസാന ഉറക്കത്തിനായി എത്താനായി എന്നതു മാത്രമാണ്.
മന്ത്രി എ കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂരിൽ രാവിലെ ആറരയോടെ മൃതദേഹം ഏറ്റുവാങ്ങി. എട്ടേകാലോടെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലുമെത്തിച്ചു. നൂറു കണക്കിനാളുകളാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് വന്ന പാതയോരത്തും അർജുൻ്റെ കണ്ണാടിക്കലെ വീട്ടിലും തടിച്ചു കൂടിയിരുന്നത്.
വീട്ടിലെത്തിച്ച മൃതദേഹം വീട്ടിനുള്ളിൽ കുറച്ചു സമയം വച്ചിരുന്നു. നൂറു കണക്കായ നാട്ടുകാർ അന്ത്യോപചാരം അർപ്പിച്ച ശേഷം വീടിനു സമീപം തയ്യാറാക്കിയ ചിതയിലേക്ക് മാറ്റി. അർജുൻ്റെ സഹോദരൻ ചിതക്ക് തീ കൊളുത്തിയത് കൂടി നിന്ന ആയിരക്കണക്കായ നാട്ടുകാരുടെ നെടുവീർപ്പിൻ്റേയും കണ്ണീരിൻ്റെയും നടുവിൽ നിന്നാണ്. അങ്ങനെ കാത്തിരിപ്പിനൊടുവിൽ അർജുൻ്റെ ഭാഗികമായ ശേഷിപ്പുകൾ വീടണഞ്ഞു എന്ന ആശ്വാസം മാത്രമായിരുന്നു അവിടെ കൂടിയിരുന്നവരുടെ മുഖങ്ങളിലെല്ലാം.
