പി വി അൻവറിൻ്റെ നീക്കങ്ങളിൽ നേരത്തേ തന്നെ പാർട്ടിക്കു സംശയമുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിൻ്റെ ഉദ്ദേശം എന്തായിരുന്നു വെന്ന് എല്ലാവർക്കും മനസിലായതായും മുഖ്യമന്ത്രി. അൻവറിന് ഇടതു മുന്നണി വിട്ടു പോകണം, അതിനാണ് ഇത്തരം കോലാഹലങ്ങളൊക്കെ ഉണ്ടാക്കുന്നതന്നും പിണറായി പറഞ്ഞു.
അൻവർ വെറും കളയാണെന്നും കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് അലഞ്ഞു തിരിയേണ്ടി വരുമെന്നും മന്ത്രി വി ശിവൻ കുട്ടി ഫെയ്സ്ബുക് പേജിൽ പറഞ്ഞു. സി പി എം നെ പോലെ സമൂഹത്തിൽ പൊരുതി വന്ന ഒരു പ്രസ്ഥാനത്തെ തകർക്കാൻ ഇത്തരം വായ്ത്താരി കൊണ്ടൊന്നും സാധിക്കില്ലെന്നും ശിവൻ കുട്ടി. പാർട്ടി അണികളുടെ ക്ഷമയെ പരീക്ഷിക്കുകയാണ് അൻവർ ഇപ്പോൾ ചെയ്യുന്നതെന്നും ശിവൻ കുട്ടി പറയുന്നു.
അന്തരിച്ചു പോയ നേതാവിനെയും ജീവിച്ചിരിക്കുന്ന നേതാക്കൻമാരെയും രണ്ടു തട്ടിലാക്കി ആക്ഷേപിച്ച് പി വി അൻവർ സ്വയം പരിഹാസ്യനായെന്ന് സി പി എം നേതാവ് പി ജയരാജൻ പറഞ്ഞു. തന്നെ ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ജനങ്ങളെ അൻവർ വഞ്ചിച്ചതായും ജയരാജൻ പറഞ്ഞു. സ്ഥിരമായി ഗൺമാനെയും കൊണ്ടു നടക്കുന്ന പി വി അൻവറിൻ്റെ പിറകേ പിന്നെയും പൊലിസുകാർ നടക്കുന്നതെന്തിനാണന്നും പി ജയരാജൻ പരിഹസിച്ചു.
ഞങ്ങളെ വിമർശിക്കുന്നവരും എതിർക്കുന്നവരുമൊക്കെ ആ വഴിക്കങ്ങ് പോയാൽ മതി. അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലന്നും ജനങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളതെന്നുമുള്ള മുഖ്യമന്ത്രിയുടെ പഴയ വാചകങ്ങളാണ് മുൻ മന്ത്രിയും സി പി എം നേതാവുമായ എം എം മണി സാമൂഹ്യ മാധ്യമത്തിൽ എഴുതിയത്.
സി പി എം നേതാക്കളായ എ കെ ബാലൻ, എം സ്വരാജ് തുടങ്ങിയവരും പി വി അൻവറിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്