തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എ ഡി ജി പി എം ആർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സമർപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്ന് സീൽഡ് കവറിൽ 600 പേജുള്ള റിപ്പോർട്ട് മെസഞ്ചർ വഴി സമർപ്പിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
സി പി ഐ നേതാവും മുൻമന്ത്രിയും കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാർത്ഥിയുമായിരുന്ന വി എസ് സുനിൽകുമാർ, ഇപ്രാവശ്യം പൂരം കലക്കിയതിനു പിന്നിൽ അട്ടിമറിയുണ്ടെന്നും വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ടായിരുന്നെന്നും ഇതിനോടകം ആരോപിച്ചിട്ടുണ്ട്. പൂരത്തിൻ്റെ ഇരയാണ് താനെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അടിയന്തരമായി പുറത്തു വിടണമെന്നും സുനിൽകുമാർ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.