എ ഡി ജി പി എം ആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് ഉത്തരവായത്. അനധികൃത സ്വത്ത് സമ്പാദനം, പുതിയ വീട് നിർമാണം തുടങ്ങിയ വിഷയങ്ങൾ അന്വേഷണത്തിൻ്റെ പരിധിയിൽ ഉൾപ്പെടും. ഈ സാഹചര്യത്തിൽ എം ആർ അജിത് കുമാർ ക്രമസമാധാന ചുമതല ഒഴിയേണ്ടി വരും.
അന്വേഷണ സംഘാംഗങ്ങളെ മിക്കവാറും ഇന്നു തന്നെ തീരുമാനിക്കും. പി വി അൻവർ എം എൽ എ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും. മലപ്പുറത്തെ എസ് പി ഓഫിസിൻ്റെയും പൊലീസ് ക്വാർട്ടേഴ്സിൻ്റേയും ഉള്ളിൽ നിന്ന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ എസ് പി സുജിത് ദാസ് വിജിലൻസ് അന്വേഷണം നേരിടുകയാണ്. ഇതേ മരങ്ങൾ എം ആർ അജിത് കുമാറിനും സുജിത് ദാസ് നൽകി എന്നും അൻവർ ആരോപിച്ചിരുന്നു.