മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപകദിനമായ ഇന്നലെ ഒരു അധ്യാപകൻ ചെയ്ത പ്രവൃത്തി തീരാത്ത കളങ്കമായി മാറി. മദ്യപിച്ച് ലക്കുകെട്ട് സ്കൂളിലെത്തിയ അധ്യാപകൻ തൻ്റെ ഒരു വിദ്യാർത്ഥിനിയുടെ തലമുടി മുറിച്ചു. പിന്നാലെ അധ്യാപകന് കയ്യോടെ സസ്പെൻഷനും കിട്ടി.
അധ്യാപകനെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അധ്യാപകൻ്റെ ഈ പ്രവൃത്തികൾ ആരോ വീഡിയോ ആക്കി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത് ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ അധ്യാപകൻ മുടി മുറിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി നിലവിളിക്കുന്നതും കാണാം.
കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവരോട് അധ്യാപകൻ ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. നിങ്ങൾ വീഡിയോ എടുത്താലും എന്നെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും അധ്യാപകൻ പറയുന്നുണ്ട്.