കേരള ലോജിസ്റ്റിക്സ് പാർക്ക് നയം മന്ത്രിസഭ അംഗീകാരിച്ചു

At Malayalam
3 Min Read

കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ദേശീയ – സംസ്ഥാന സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മേഖലയാണ് ‘ലോജിസ്റ്റിക്സ് മേഖല’. ഉത്പാദന സ്ഥലത്തു നിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സര ക്ഷമത നിലനിര്‍ത്തിക്കൊണ്ട് അതിവേഗത്തിലും, ശ്രദ്ധയോടെയും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമാണ് ലോജിസ്റ്റിക്സ്.

ഓണ്‍ലൈന്‍ വഴിയുള്ള വിപണനം വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്ന കാലഘട്ടത്തില്‍ ലോജിസ്റ്റിക്സ് മേഖലയെ മുന്‍നിര്‍ത്തി പ്രത്യേക നയരൂപീകരണം ആവശ്യമായതിനാലും വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള നിരവധി നിക്ഷേപ സാധ്യതകളുള്ള മേഖലയായതിനാലും വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനാലും ലോജിസ്റ്റിക്സിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിക്ഷേപസാധ്യതകള്‍ ഉയര്‍ത്തുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കേണ്ടതാണ്. അത് മുന്‍നിര്‍ത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യവസായ നയത്തിലെ മുന്‍ഗണനാ മേഖലയിലും ‘ലോജിസ്റ്റിക്സ്/ പാക്കേജിംഗ് ’ വിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ വിപുലമായ റോഡ് ശൃംഖലയും, റെയില്‍, പോര്‍ട്ട്, ജലഗതാഗതം എന്നിവയുടെ ആനുകൂല്യവും, വിഴിഞ്ഞം, കൊച്ചി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെയും സാന്നിദ്ധ്യവും ലോജിസ്റ്റിക്സ് മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്. സര്‍ക്കാര്‍ അംഗീകരിച്ച് പുറപ്പെടുവിച്ച വ്യവസായ പാര്‍ക്കുകളുമായി ബന്ധപ്പെട്ട ലാന്റ് പോളിസിയിലും കെ എസ് ഐ ഡി സി, കിന്‍ഫ്ര ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക്സ് മേഖലയ്ക്ക് പ്രത്യേക പരിഗണനയും സവിശേഷ ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നിക്ഷേപം വളർത്തുന്നതിനും സുസ്ഥിര വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിൽ വരുത്തിയ 2023-ലെ കേരള വ്യവസായ നയത്തിൽ, 22 മുൻഗണനാ മേഖലകളിൽ ഒന്നായ ലോജിസ്റ്റിക്സ് ആന്റ് പാക്കേജിംഗ് മേഖലയിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയ്ക്ക്, ശക്തമായ ലോജിസ്റ്റിക്സ് കണക്ടിവിറ്റിയുടെ പ്രാധാന്യം മനസ്സിലാക്കി, ലോജിസ്റ്റിക്സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഡിജിറ്റലൈസേഷനും, സാങ്കേതിക വിദ്യകളും പ്രോൽസാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി, മിനി മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാ‍ർക്കുകൾ സംസ്ഥാനത്ത് തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ലോജിസ്റ്റിക്സ് പാർക്ക് നയം.

- Advertisement -

ലോജിസ്റ്റിക്ക് പാർക്ക് പോളിസി പ്രകാരം കുറഞ്ഞത് 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാർക്കുകളും 5 ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കാം. ഈ പാർക്കുകളിൽ ചരക്ക് കൈകാര്യം ചെയ്യൽ, ഇൻ്റർ മോഡൽ ട്രാൻസ്ഫർ സൗകര്യങ്ങൾ, ഇൻ്റേണൽ റോഡ് നെറ്റ്‌വർക്കുകൾ പോലുള്ള അടിസ്ഥാന സൗകര്യ ഘടകങ്ങൾ, ഡോർമിറ്ററികൾ, മെഡിക്കൽ സെൻ്ററുകൾ തുടങ്ങിയ നോൺ-കോർ ഘടകങ്ങൾ എന്നിവ ഉൾപ്പെടും.

ലോജിസ്റ്റിക്സ് പാർക്ക് നയം പ്രകാരം ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റിക്ക് ആയിരിക്കും ഈ മേഖലയിലെ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള അധികാരം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ലോജിസ്റ്റിക്സ് സെല്ലും നയം വിഭാവനം ചെയ്യുന്നു. ഈ സംവിധാനമായിരിക്കും ലോജിസ്റ്റിക്സ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുക. ഇതിന് പുറമെ പ്രത്യേകമായി സിറ്റി ലോജിസ്റ്റിക്സ് കോർഡിനേഷൻ കമ്മിറ്റികളും നഗരതലത്തിൽ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി രൂപീകരിക്കും.

ലോജിസ്റ്റിക്സ് പാർക്കുകൾക്കും മിനി ലോജിസ്റ്റിക്സ് പാർക്കുകൾക്കുമായി ഏകജാലക ക്ലിയറൻസ് സംവിധാനം രൂപീകരിക്കാനും പോളിസിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഒരു ലോജിസ്റ്റിക്സ് പാർക്കിന് പരമാവധി 7 കോടി രൂപവരെയും, മിനി ലോജിസ്റ്റിക്സ് പാർക്കിന് 3 കോടി രൂപവരെയും മൂലധന സബ്സിഡി ലഭിക്കാനുള്ള അർഹതയുണ്ടായിരിക്കും. ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്ക് ഒരുക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോഴും ലീസിനെടുക്കുമ്പോഴും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും. പൊതു സ്വകാര്യ പങ്കാളിത്തത്തിലും, പൂർണമായും സ്വകാര്യമേഖലയിലെ പാർക്കെന്ന നിലയിലും കേരളത്തിൽ ലോജിസ്റ്റിക്സ്/മിനി ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിക്കാൻ നയത്തിലൂടെ സാധിക്കുന്നതാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment