ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരൻ കുത്തേറ്റു മരിച്ചു. കുത്തേറ്റു മരിച്ച രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശ് ആണ് കൊലപാതകം നടത്തിയത്. പൊലിസ് രമേശിനെ ഉടൻ തന്നെ അറസ്റ്റു ചെയ്തു. 47 വയസായിരുന്നു രാമകൃഷ്ണയുടെ പ്രായം.
കൊലപാതകം നടത്താൻ രമേശിനെ പ്രേരിപ്പിച്ചത് രാമകൃഷ്ണയോടുള്ള വ്യക്തി വൈരാഗ്യമാണെന്ന് ചോദ്യം ചെയ്തതിൽ നിന്നു വ്യക്തമായതായി പൊലിസ് പറയുന്നു. വിമാനത്താവളത്തിലെ ശുചി മുറിക്ക് സമീപത്തു വച്ചാണ് കൊലപാതകം നടന്നത്. പിന്നിലൂടെ എത്തിയ രമേശ് കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് രാമകൃഷ്ണയെ കുത്തുകയായിരുന്നു.
പൊലിസ് ഉടൻ തന്നെ സ്ഥലത്തെത്തി രമേശിനെ കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
