രാജിക്കു പിന്നിൽ വാട്സ് ആപ് പോര്
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ അമ്മയിലെ കൂട്ടരാജിക്ക് കാരണമായത് സംഘടനയ്ക്ക് അകത്തുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നത. താരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ടു ചേരിയിലായി തർക്കിച്ചതോടെയാണ് അമ്മ അധ്യക്ഷൻ മോഹൻലാൽ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചത്.
ഇന്നു നടന്ന ചർച്ചയിൽ നടനും അമ്മ വൈസ് പ്രസിഡൻ്റുമായ ജഗദീഷിനൊപ്പം പൃഥ്വിരാജടക്കം യുവതാരങ്ങളും നടികളും നിലപാടെടുത്തു. ഇവർ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന് നിലപാടെടുത്തതോടെയാണ് അമ്മ അധ്യക്ഷൻ രാജി പ്രഖ്യാപനം നടത്തിയത്.
വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജിപ്രഖ്യാപനം നടത്തുന്നതിന് മുൻപ് മോഹൻലാലും മമ്മൂട്ടിയും തമ്മിൽ സംസാരിച്ചിരുന്നു. ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് പറഞ്ഞ് മോഹൻലാൽ വികാരാധീനനായി. പുതിയ ഭരണസമിതി വൈകരുതെന്ന് യുവതാരങ്ങൾ ആവശ്യപ്പെട്ടു. രണ്ടുമാസത്തിനുള്ളിൽ ജനറൽ ബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതുവരെ താത്കാലിക ഭരണസമിതി തുടരുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.