ചെറുമത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾ പിടിച്ചെടുത്തു

At Malayalam
1 Min Read

അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളങ്ങൾ പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്ഥർ പിഴ ചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ മദീന, പ്രജാപതി എന്നീ വള്ളങ്ങളാണ് ചെറുമത്സ്യങ്ങളെ പിടിച്ചതിന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ഇന്നലെ പിടിച്ചെടുത്തത്. 

തൃശൂർ കഴിമ്പ്രം സ്വദേശി നെടിയിരിപ്പിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രജാപതി എന്ന വള്ളം. 14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 1800 കിലോ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്. ചാവക്കാട് എടക്കഴിയൂർ സ്വദേശി ഷാഹിറിന്റെ മദീന എന്ന വളളത്തിൽ നിന്നും 1,600 കിലോ ചെറിയ അയല ഇനത്തിൽ പെട്ട മീനുകളാണ് പിടിച്ചെടുത്തത്.

ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻ്റിങ്ങ് സെൻ്ററുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് വളളങ്ങൾ പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ  തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ ഈടാക്കി. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു. ഇത്തരത്തിൽ ചെറു മത്സ്യങ്ങളെ പിടിയ്ക്കുന്ന വള്ളങ്ങൾക്കും ക്യാരിയർ വള്ളങ്ങൾക്കും 1980 ലെ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമ പ്രകാരം നിയമനടപടികൾ സ്വീകരിച്ച് പിഴ ചുമത്തും.

- Advertisement -

അഴീക്കോട് ഫിഷറീസ് , മറൈൻ എൻഫോഴ്സ്മെൻ്റ് & വിജിലൻസ് വിങ്ങ്‌ എന്നിവരുടെ സംയുക്ത പട്രോളിങ്ങിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻ്റിങ്ങ് സെൻ്ററുകളിലും സ്പെഷൽ ടാസ്ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും ചെറുമത്സ്യങ്ങൾ കയറ്റി പോകുന്ന യാനങ്ങൾക്കും വാഹനങ്ങൾക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  കെ വി സുഗന്ധകുമാരി  അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment