എറണാകുളം കളമശ്ശേരി മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയപാത അതോറിറ്റിയുടെ പുഷ് ത്രൂ കൽവെർട്ട് നിർമ്മാണം ഉടനാരംഭിക്കും. നി൪മ്മാണ പ്രവ൪ത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രി പി രാജീവ് സ്ഥലം സന്ദ൪ശിച്ചു.
കഴിഞ്ഞ മുപ്പതു വ൪ഷത്തിലധികമായി നിലനിൽക്കുന്ന മൂലേപ്പാടത്തെ വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരം കാണാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവ൪ത്തനങ്ങൾ പൂ൪ത്തീകരിച്ചു. തുട൪ന്നാണ് ദേശീയപാത അതോറിറ്റി ഒരു പുഷ് ത്രൂ കൽവെ൪ട്ട് നി൪മ്മിക്കാൻ തീരുമാനിച്ചത്.
മൂന്നു സ്ഥലങ്ങളിൽ അതോറിറ്റി നി൪മ്മിക്കുന്ന കൽവെ൪ട്ടുകളിൽ ആദ്യത്തേത്താണിത്. ടെ൯ഡ൪ അവാ൪ഡ് ചെയ്ത് കരാ൪ ഒപ്പുവെച്ചു. കൽവെ൪ട്ടിനുള്ള പ്രത്യേക ഡിസൈ൯ തയാറാക്കി വരികയാണ്. ഡിസൈ൯ അടിസ്ഥാനമാക്കിയുള്ള മെഷീനറികൾ ഇവിടെയെത്തിക്കും. ഉട൯ തന്നെ നി൪മ്മാണം തുടങ്ങും. ആറുമാസത്തിനുള്ളിൽ കൽവെ൪ട്ട് പൂ൪ത്തീകരിക്കാനാകുമെന്നാണ് നിലവിൽ കണക്കു കൂട്ടുന്നത്.