ആകാശം ഇടിഞ്ഞു വീണാലും ഒരു സുബൈദുമ്മയും ആടിനെ വിൽക്കില്ലെന്നും പത്തു പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകില്ലെന്നും ഒരു ചാനൽ അവതാരകൻ വാദ്യ വൃന്ദഘോഷത്തോടെ പൊട്ടിത്തെറിച്ചിട്ട് അധിക നാളായില്ല. മിനിസ്ക്രീനിലിരുന്ന് ലോകത്തോടു മുഴുവനുള്ള പുച്ഛം വാരിവിതറി യമണ്ടൻ ബി ജി എം ൻ്റെ പിൻബലത്തിൽ കൈ തെക്കോട്ടും വടക്കോട്ടും ചലിപ്പിച്ച് മുഖം വക്രിപ്പിച്ച് അലറിയപ്പോൾ ടിയാൻ ഓർത്തു കാണില്ല പണി തൊട്ടരികിൽ തന്നെ വന്നു നിൽപ്പുണ്ടെന്ന്.
ഇന്നലെ അയാൾ ചാനൽ മേധാവിയുടെ കൂട്ടുപിടിച്ച് ഞാനന്ന് അതല്ല ഉദ്ദേശിച്ചത് എൻ്റെ ഉദ്ദേശം ഇങ്ങനെയല്ല എന്നൊക്കെ പുലമ്പുന്നുണ്ടായിരുന്നു. ആ വീഡിയോ ക്ലിപ്പ് ചേർത്തു വച്ചാണ് കഴിഞ്ഞ ദിവസം സുബൈദുമ്മയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. കൊല്ലം കളക്ടറേറ്റിലെത്തി ചായ വിറ്റ പണം, അന്ന് ആടിനെ വിറ്റ പണം നൽകിയ അതേ സുബൈദുമ്മ കൊല്ലം കളക്ടറുടെ കൈയിൽ തിരുകി വച്ചിട്ട് ഒന്നും അറിയാത്തതു പോലെ തിരിഞ്ഞു നടന്നത്. ആ ഉമ്മയുടെ മുഖത്തുണ്ട് നിങ്ങൾക്കുള്ള മറുപടി മിസ്റ്റർ മാധ്യമ പ്രവർത്തകൻ.
കഷ്ടമാണ് സുഹൃത്തേ , താങ്കൾക്ക് പിണറായി വിജയനെ പുച്ഛമായിരിക്കാം. അദ്ദേഹം 2026 വരെയാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തുടരുക. അതു കഴിഞ്ഞാൽ പിന്നെയും ജനം വിധി എഴുതും. ചിലപ്പോൾ അദ്ദേഹം തന്നെ വന്നേക്കാം, അല്ലെങ്കിൽ മാറ്റാരെങ്കിലും വന്നേക്കാം. അതുമല്ലെങ്കിൽ താങ്കൾക്ക് താല്പര്യമുള്ള ആരെങ്കിലും വന്നു കൂടായ്കയുമില്ല. ആരു വന്നാലും അന്നും മുഖ്യമന്ത്രിയ്ക്ക് ദുരിതാശ്വാസ നിധിയുണ്ടാകും. അപ്പോഴും താങ്കൾ അലറി വിളിച്ചത് എയറിലുണ്ടാകും. താങ്കൾ പിന്നെയും എയറിലാകും. സി എം ഡി ആർ എഫ് എന്താന്നും എങ്ങനെയാന്നുമൊക്കെ അറിയാത്ത ആളല്ലല്ലോ താങ്കൾ. അതിനാൽ അത് വിശദീകരിക്കുന്നില്ല. കഷ്ടം എന്നു മാത്രം പറയാം. തുടരുക നിങ്ങളുടെ അട്ടഹാസങ്ങൾ, നല്ല നമസ്‌ക്കാരം.
