ചാലിയാറിൽ നിന്ന് ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും

At Malayalam
1 Min Read

146 എണ്ണം വയനാട്ടിലേക്ക് കൊണ്ടു പോയി

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടേതായി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും. ആകെ 153 എണ്ണം. 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും രണ്ട് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 95 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, എൻ ഡി ആർ എഫ് , നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ ലഭിച്ചത്.

ഇതുവരെ 146 മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 143 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. ബാക്കി ഏഴ് എണ്ണത്തിൻ്റെ പോസ്റ്റ് മോർട്ടം പുരോഗമിക്കുന്നു.
തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങളാണ് ബന്ധുക്കൾ കൊണ്ട് പോയത്. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും  ഉടൻ വയനാട്ടിലെത്തിക്കുന്നത്.

വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ കണ്ടെത്താനായി ചാലിയാർ പുഴയുടെ എടവണ്ണ കടവുകളിലും വ്യാഴാഴ്ച തിരച്ചിൽ നടത്തി. ബുധനാഴ്ച വാഴക്കാട് നിന്നും ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇതോടെയാണ് എടവണ്ണ മേഖലകളിലും പരിശോധന നടത്താൻ തീരുമാനിച്ചത്.

- Advertisement -

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ചാലിയാർ പുഴയിൽ എടവണ്ണ, ഓതായി, മമ്പാട്, കുണ്ടുതോട്, കൊളപ്പാട് പാവണ്ണ, തുടങ്ങിയ മേഖലകളിലൂടെ പരിശോധനകൾ നടത്തുന്നത്. എമർജൻസി റെസ്ക്യൂ ഫോഴ്സ് എടവണ്ണ യൂണിറ്റിന്റെ ബോട്ടിലാണ് ഈ മേഖലകളിൽ പോലീസ് പരിശോധന നടത്തുന്നത്.

ഉരുൾപ്പൊട്ടൽ നടന്ന വയനാട് മുണ്ടക്കൈ, ചൂരൽമല  എന്നിവയോട് ഏറ്റവും അടുത്തുള്ള പോത്തുകല്ല് പഞ്ചായത്തിലെ കടവുകളിൽ നിന്നാണ് ആദ്യം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നതെങ്കിൽ പിന്നീട് കിലോമീറ്ററുകൾ താഴെ വാഴക്കാട് നിന്നടക്കം മൃതഹങ്ങൾ ലഭിച്ചു. ചാലിയാറിൽ നിന്ന് ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് നടക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment