ഓർമയിലെ ഇന്ന്ജൂലൈ -31മുഹമ്മദ് റഫി

At Malayalam
5 Min Read

1950 -70 കളിലെ ഹിന്ദി സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ റൊമാന്റിക്, ക്ലാസിക്, സെന്റിമെന്റല്‍, ഗസല്‍, ഭജന്‍, ഖവ്വാലി, ഡിവോഷണല്‍, കോമഡി, പാട്രിയോട്ടിക് എന്നിങ്ങനെ എല്ലാ മേഖലയിലും തൊട്ടതൊക്കെ പൊന്നാക്കിയ സംഗീത പ്രതിഭ

ഖോയാ ഖോയാ ചന്ദ് ഖൂലാ ആസ്മാന്‍…, ചുരാ ലിയ ഹയ് തുമ്നേ ജോ ദില്‍ കോ…,യേ രെഷ്മി സുല്‍ഫെയ്ന്‍ യേപ ഷര്‍ബത്തി ആങ്കേയ്ന്‍…, ക്യാ ഹുവാ തേരാ വാദാ…,
യഹാം ബദലാ വഫാക്കി ബേവഫായികാ സിവാ ക്യാ ഹെ… തുടങ്ങിയ മനോഹര ഗാനങ്ങള്‍ ആലപിച്ച… ഇന്ത്യന്‍ സംഗീത ലോകത്തെ അതികായന്‍, പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ അതുല്യ കലാകാരന്‍ – മുഹമ്മദ് റഫി.

അമാനുഷിക ശബ്ദം എന്നാണ് റഫിയുടെ ശബ്ദത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. മുകേഷ്, കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഉർദു – ഹിന്ദി ചലച്ചിത്ര പിന്നണി ഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു റഫി. ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു – ഹിന്ദി സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ്‌ എന്നും റഫി ഓർമ്മിക്കപ്പെടുന്നത്.

1924 ഡിസംബര്‍ 24 ന് പഞ്ചാബിലെ അമൃത്സർ ജില്ലയിലെ ഇന്നത്തെ മജിതയ്ക്കടുത്തുള്ള കോട്‌ല സുൽത്താൻ സിംഗ് എന്ന ഗ്രാമത്തിലായിരുന്നു ജനനം. ജന്മിയായ ഹാജി അലിമുഹമ്മദ്‌ ആണ് പിതാവ്. മാതാവ് അല്ലാ രാഹ. റഫി എന്ന പേരിനർത്ഥം പദവികൾ ഉയർത്തുന്നവൻ എന്നാണ്. നാട്ടിൽ വന്ന ഒരു ഫക്കീറാണ് റഫിയെ സംഗീതത്തിലേക്ക് ആകൃഷ്ടനാക്കിയത്.

- Advertisement -

ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ചു പാടുമായിരുന്നു. ഉസ്താദ്‌ ബഡേ ഗുലാം അലി ഖാൻ, ഉസ്താദ്‌ അബ്ദുൾ വാഹിദ്‌ ഖാൻ, പണ്ഡിറ്റ് ജീവൻലാൽ മട്ടോ, ഫിറോസ്‌ നിസാമി എന്നിവരിൽ നിന്നുമായി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.

1944ൽ പഞ്ചാബി സിനിമയായ ഗുല്‍ ബലോചിന് വേണ്ടി സീനത്ത് ബീഗവുമായി ഒന്നിച്ച് പാടിയ
സോണിയേ നീ ഹീരിയേ നീ…. ആയിരുന്നു ആദ്യ സിനിമാ ഗാനം. അന്ന് ആ ഗാനം പാടുമ്പോള്‍ ഇന്ത്യന്‍ സംഗീത ലോകത്തെ തന്നെ നിര്‍ണ്ണയിച്ച ഗായകന്റെ പ്രായം 20 വയസ്സായിരുന്നു. ശോക ഗാനങ്ങളും ചടുല സംഗീതത്തില്‍ ഉരുത്തിരിഞ്ഞതും കേൾവിക്കാരനില്‍ ദേശ ഭക്തിയും രാജ്യമെന്ന വികാരത്തെ ത്രസിപ്പിച്ച് നിര്‍ത്തുന്നമായതും പ്രണയവും കാല്‍പ്പനികതയും നിറഞ്ഞു നില്‍ക്കുന്നതുമായ നിരവധി ഗാനങ്ങള്‍ തന്റെ മാന്ത്രിക ശബ്ദത്തിലൂടെ റഫി പാടിത്തീര്‍ത്തു.

അതിപ്രശസ്തമാണ്‌ അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും. ശുദ്ധ സംഗീതത്തിലും ഖവ്വാലീസ്, ഗസ്സലുകള്‍, ഭജന്‍ ഗീതങ്ങള്‍ തുടങ്ങിയവയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. ഈ കാലഘട്ടങ്ങളില്‍ മുഹമ്മദ് റഫി എന്ന ഗായകനായി സിനിമാ സംവിധായകരും ഗാനരചയിതാക്കളും കാത്തു നില്‍ക്കുകയായിരുന്നു.

സിനിമയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ കൈ കടത്തി തുടങ്ങുന്നതിനു ഏറെ മുമ്പു തന്നെ നായകന്റെ ചുണ്ടനക്കത്തിനൊപ്പം തന്റെ ശബ്ദം എത്തിക്കാനും ഈ അനുഗ്രഹീത കലാകാരനു കഴിഞ്ഞിരുന്നു.

ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ റഫി, നാലു തവണ ഫിലിംഫെയര്‍ അവാര്‍ഡും ഒരു തവണ സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ പുസ്‌കാരവും നേടി. സംഗീത രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം 1967 ല്‍ പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഹീറോ ഹോണ്ടയും സ്റ്റാര്‍ഡസ് മാസികയും സംയുക്തമായി ചേര്‍ന്ന് ‘ബെസ്റ്റ് സിംഗര്‍ ഓഫ് മില്ലേനിയം’ അവാര്‍ഡ് നല്‍കിയും ആദരിച്ചിരുന്നു.

- Advertisement -

1980 ൽ അബ്ദുൾ ഖാദർ നിർമ്മിച്ച് പി ഗോപകുമാർ സംവിധാനം ചെയ്ത ‘തളിരിട്ട കിനാക്കൾ’ എന്ന സിനിമയിൽ പാടുന്നതിനായി അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും മലയാളം നന്നായി പഠിച്ച ശേഷമേ പാടൂ എന്ന് നിര്‍ബന്ധം പറഞ്ഞതോടെ ഒരു ഹിന്ദി ഗാനം തന്നെ അദ്ദേഹത്തിന് പാടാനായി ഒരുക്കി. ആലപ്പുഴ സ്വദേശിയായ ജിതിൻ ശ്യാമായിരുന്നു സംഗീത സംവിധായകൻ. അങ്ങനെ ആയിഷ് കാമ എഴുതിയ
ശബാബ് ലേക്ക് വോ ജാനേ ശബാബ് ആയാ ഹേ… എന്ന ഗാനം അദ്ദേഹം പാടി. നടൻ കുതിരവട്ടം പപ്പുവും നടി അടൂര്‍ ഭവാനിയുമായിരുന്നു ഗാനരംഗത്തിൽ പാടി അഭിനയിച്ചത്. 1980 ജൂലായ് 31-ന് റഫി അന്തരിച്ചു.

മുഹമ്മദ് റഫിയുടെ ഏറ്റവും മികച്ച 10 പാട്ടുകൾ

ആജ് മോസം ബഡാ ബേയ്മാന് ഹേ… ധർമ്മേന്ദ്രയും മുംതാസും പ്രധാന വേഷങ്ങളിലെത്തി 1973ൽ പുറത്തിറങ്ങിയ എ ഭീംസിങ് സംവിധാനം ചെയ്ത ലോഫർ എന്ന ചിത്രത്തിലെ ഗാനത്തിന് ഈണം നൽകിയത് ലക്ഷ്മികാന്ത് പ്യാരേലാലാണ്. ആനന്ദ് ബക്ഷി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

- Advertisement -

ദിവാന ഹുവാ ബാദൽ… ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലേതാണ് ഈ ഗാനം. ആശാ ഭോസ്‌ലെയും മുഹമ്മദ് റഫിയും ചേർന്ന് പാടിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

ചൗന്ദവിക്കാ ചാന്ത് ഹോ… റഫിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നായ ഈ ഗാനം 1960–ൽ പുറത്തിറങ്ങിയ ചൗന്ദവിക്കാ ചാന്ത് എന്ന ചിത്രത്തിലേതാണ്. ഗുരു ദത്തും, വഹീദ റഹ്മാനും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം സാദിഖാണ്. മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ബോംബെ രവിയാണ് ഈ അനശ്വര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഷക്കീൽ ബദായുനി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

താരീഫ് കറു ക്യാ ഉസ്‌കി… ഷമ്മി കപൂറും ഷർമ്മിള ടാഗോറും അഭിനയിച്ച് ശക്തി സാമന്ത സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കാഷ്മീർ കി കലിയിലെ ഈ മനോഹര ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഒ പി നയ്യാറാണ്. എസ് എച്ച് ബിഹാറി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

അഭീ നാ ജോവോ ചോഡ്കർ… ദേവാനന്ദിന്റെ സൂപ്പർഹിറ്റ് ചിത്രം ഹംദോ നോ എന്ന ചിത്രത്തിലെയാണീ മനോഹരഗാനം. ആശാ ഭോസ്‌ലെയും റഫിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ജയ്‌ദേവാണ്. വിജയ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാഹിർ ലുധിയാൻവി ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

യേ ദുനിയാ യേ മെഹഫിൽ… രാജ് കുമാറും പ്രിയ രാജ്‌വംശും അഭിനയിച്ച് ചേതൻ ആനന്ദ് സംവിധാനം ചെയ്ത് 1970–ൽ പുറത്തിറങ്ങിയ ഹീർ രഞ്ചാ എന്ന ചിത്രത്തിലെ ഈ ഗാനം രചിച്ചത് കെയ്ഫ് അസ്മി, സംഗീതം മദൻ മോഹൻ.

ലിഖേ ജോ ഖത്ത് തുജേ…1968–ൽ പുറത്തിറങ്ങിയ കന്യാദാൻ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ രചന നീരജ് സംഗീതം ശങ്കർ ജയകിഷാൻ. ശശി കപൂറും ആശാ പരേഖും അഭിനയിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മോഹൻ സേഗാളാണ്.

ബാർ ബാർ ദേക്കോ ഹസാറ് ബാറ് ദേക്കോ…ശക്തി സാമന്ത സംവിധാനം ചെയ്ത് ഷമ്മി കപൂർ പ്രധാന വേഷത്തിലെത്തിയ ചിത്രം ചൈന ടൗണിലെ ബോംബെ രവി സംഗീതം നിർവ്വഹിച്ച ഈ മനോഹര ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷക്കീൽ ബദായുനിയാണ്.

സുഹാനി രാത്ത് ദൽ ചുക്കി… 1949–ൽ പുറത്തിറങ്ങിയ ദുലാരി എന്ന ചിത്രത്തിനു വേണ്ടി നൗഷാദ് അലി ഈണം നൽകിയ ഈ ഗാനത്തിന്റെ രചന ഷക്കീൽ ബദായുനി.

ഖോയ ഖോയ ചാന്ദ് ഖുല ആസ്മാൻ…

വിജയ് ആനന്ദ് സംവിധാനം ചെയ്ത് ദേവാനന്ദും വഹീദ റഹ്മാനും അഭിനയിച്ച് 1960–ൽ പുറത്തിറങ്ങിയ കാല ബസാർ എന്ന ചിത്രത്തിലെ ശൈലേന്ദ്രയുടെ വരികൾക്ക് എസ് ഡി ബർമ്മൻ ഈണം പകർന്നു. കാലം എത്ര കടന്നു പോയാലും മുഹമ്മദ് റഫി എന്ന ഗായകനെയും അദ്ദേഹം പാടിയഗാനങ്ങളും ഒരു ഇന്ത്യാക്കാരനും മറക്കില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment