പനിക്കൂർക്ക എന്നു കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവില്ല. പ്രത്യേകിച്ചും മഴക്കാലത്ത്. കർപ്പൂരവല്ലി എന്നു ചില സ്ഥലങ്ങളിലും കഞ്ഞി കൂർക്ക എന്ന് മറ്റു ചിലയിടങ്ങളിലും ഇതിനു വിളിപ്പേരുമുണ്ട്. അതെന്തായാലും സംഗതി നമ്മുടെ പനികൂർക്ക തന്നെ.
ഈ മഴക്കാലത്ത് മനുഷ്യന് വലിയ ഉപകാരിയാണ് പനി കൂർക്ക എന്നറിയുക. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആയുർവേദത്തിൽ പകർച്ച പനിക്ക് ഉത്തമ ഔഷധമായി പനികൂർക്കയെ കണക്കാക്കുന്നു. കൂടാതെ ചുമ, ശരീരത്തിൽ ഉണ്ടാകുന്ന നീര് എന്നിവയ്ക്കും പനിക്കൂർക്ക മികച്ച ഔഷധമാണ്.
പനികൂർക്കയുടെ ഇലകൾ ഇളം തീയിൽ വാട്ടി പിഴിഞ്ഞെടുക്കുന്ന നീര് തേനുമായി ചേർത്ത് കഴിയ്ക്കുന്നത് ശ്വാസ നാളങ്ങളിൽ അടിയുന്ന കഫം പുറത്തു പോകുന്നതിന് ഉത്തമമാണന്നും ആയുർവേദം പറയുന്നുണ്ട്. കുടിയ്ക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ പനികൂർക്കയുടെ ഒന്നോ രണ്ടോ ഇലകൾ കൂടി ചേർത്ത് തിളപ്പിച്ചാൽ മികച്ച ഔഷധ ഗുണമുള്ള കുടിവെള്ളമായി.
ആവി പിടിക്കുമ്പോൾ പനി കൂർക്കയുടെ ഇല ചേർത്ത വെള്ളമാണങ്കിൽ മികച്ചതാണ്. കൂടാതെ മികച്ച പ്രതിരോധ ശേഷി നൽകുന്നതിനും പനികൂർക്ക നന്നാണ്.