ഓർമയിലെ ഇന്ന്: ജൂലൈ -25: കാനായി കുഞ്ഞിരാമൻ

At Malayalam
2 Min Read

കേരളത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളിൽ ഒരാളാണ് കാനായി കുഞ്ഞിരാമൻ. 1937 ജൂലൈ 25 ന് കാസർഗോഡ് ജില്ലയിലെ കുട്ടമത്ത്‌ ജനിച്ചു.

കാനായി കുഞ്ഞിരാമൻ ചോളമണ്ഡലം കലാഗ്രാമത്തിൽ ചിത്രകല അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ കെ സി എസ് പണിക്കരായിരുന്നു അദ്ദേഹത്തിന്റെ ഒരു ഗുരുനാഥൻ. ചിത്രകലയിൽ നിന്ന് ശിൽപകലയിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. ദേബി പ്രസാദ് ചൗധരിയെപ്പോലുള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളിൽ കൊത്തുപണി തുടങ്ങി. തകരപ്പാളിയിൽ തീർത്ത ‘അമ്മ‘ എന്ന ശില്പം ഒരു കലാകാരൻ തന്റെ സമൂഹത്തിൽനിന്നും ചരിത്രത്തിൽനിന്നും കേട്ടു കേൾവികളിൽ നിന്നും ആവോളം പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്.

അദ്ദേഹം മദിരാശിയിലെ ഫൈൻ ആർട്സ് കോളെജിൽ നിന്ന് 1960 ഇൽ ഒന്നാം ക്ലാസോടെ ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയിൽ ഉപരിപഠനം ലണ്ടനിലെ സ്ലെയ്ഡ് സ്കൂൾ ഓഫ് ആർട്സിൽ 1965 -ൽ പൂർത്തിയാക്കി.

പ്രശസ്തങ്ങളായ ശില്പങ്ങൾ

- Advertisement -

അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യാമ്പലം, കണ്ണൂർ), മുക്കട പെരുമാൾ (കൊച്ചി), നന്ദി (മലമ്പുഴ,പാലക്കാട്), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), വീണപൂവിന്റെ ശിൽപം, ദുരവസ്ഥയുടെ ശിൽപം (തോന്നക്കൽ ആശാൻ സ്മാരകം), ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, ശ്രീ ചിത്തിര തിരുന്നാൾ, പട്ടം താണുപിള്ള, മന്നത്ത്‌ പത്മനാഭൻ, വിക്രം സാരാഭായി, ഡോ. പല്പു, മാമൻ മാപ്പിള, ഇ എം എസ്‌ നമ്പൂതിരിപ്പാട്‌, രവീന്ദ്രനാഥ ടഗോർ തുടങ്ങിയവരുടെ വെങ്കല ശില്പങ്ങൾ (ആൾ‌‌രൂപങ്ങൾ), കേരള സർക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാർഡുകളുടെയും രൂപകല്പന എന്നിവയാണ്. 2005 -ലെ രാജാ രവിവർമ്മ പുരസ്കാരം കാനായി കുഞ്ഞിരാമനു ലഭിച്ചു.

കാനായിയുടെ അഭിപ്രായത്തിൽ തന്റെ ഏറ്റവും ദുഷ്കരമായ ശില്പം ഇ എം എസ്സിന്റെ ശില്പമാണ്. പ്രത്യേകിച്ച് എഴുന്നു നിൽക്കുന്ന സവിഷേഷതകളില്ലാത്ത ഇ എം എസ്സിന്റെ രൂപം കേരളീയർക്കു സുപരിചിതമായിരുന്നു. യഥാർത്ഥരൂപത്തിനു വളരെ സമാനമായ ഇ എം എസ് ശില്പം തന്റെ ഏറ്റവും ആനന്ദദായകമായ അനുഭവമായി കാനായി സാക്ഷ്യപ്പെടുത്തുന്നു.

ഒരു ഇരിപ്പു മുറിയിൽ വളരെ വലിയ ഒരു ശില്പത്തിനു സ്ഥാനമില്ലാത്തതുപോലെ ഒരു ചെറിയ ശില്പം ഒരു വിശാലമായ കടപ്പുറത്തോ പുൽത്തകിടിയിലോ യോജിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. പൊതുസ്ഥലങ്ങളിലെ ഭീമാകാരമായ ശില്പങ്ങൾ സാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുള്ള ഒരു ഉപാധി ആണെന്നും അദ്ദേഹം വിശ്വസിക്കുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment