അർജുനെ കണ്ടെത്താൻ ഇനി സൈന്യം എത്തും. ബെലഗാവിയിലുള്ള സൈനിക ക്യാമ്പിൽ നിന്ന് 40 പേരടങ്ങുന്ന സൈനിക സംഘമാകും ഇന്ന് തെരച്ചിലിനായി ഇറങ്ങുന്നത്. കൂടാതെ ഐ എസ് ആർ ഒ യുടെ സാങ്കേതിക സഹായവും തേടിയിട്ടുണ്ട്. രാവിലെ ഷിരൂരിൽ കനത്ത മഴ പെയ്യുന്നതായാണ് അവിടെ നിന്ന് ലഭിക്കുന്ന വിവരം. മഴയെ തുടർന്ന് കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായാൽ അത് രക്ഷാപ്രവർത്തനത്തിന് വീണ്ടും തടസം സൃഷ്ടിക്കുമെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്.
ഐ എസ് ആർ ഒ യുടെ സഹായത്തോടെ സാറ്റലൈറ്റു വഴി ലോറിയുടെ എന്തെങ്കിലും സൂചന കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണിടിഞ്ഞ് വീണു കിടക്കുന്നതിനടുത്ത് ആറു മീറ്റർ താഴെയായി ലോഹത്തിൻ്റെ സാന്നിധ്യം ഇന്നലെ സാർ വഴി തിരിച്ചറിഞ്ഞിരുന്നു. നിലവിൽ തെരച്ചിൽ നടക്കുന്ന ഭാഗത്തായി തന്നെ അർജുനും ലോറിയുമുണ്ടാകാനാണ് ഏറെ സാധ്യത എന്ന് രക്ഷാപ്രവർത്തകനായ രഞ്ജിത് ഇസ്രായേൽ പറയുന്നു.
കേരളത്തിൽ നിന്നുള്ള ഇടപെടലുകൾ തുടരുമ്പോഴും കർണാടകയുടെ അനാസ്ഥ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം മന്ദഗതിയിലാണെന്നുള്ള വ്യാപകമായ വിമർശനം നാനാഭാഗത്തു നിന്നും ഉയരുകയാണ്.