പി ജയചന്ദ്രനെ പറ്റി കേൾക്കുന്നതൊക്കെ വ്യാജം

At Malayalam
1 Min Read

മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ പൂർണ ആരോഗ്യവാനെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. പ്രായത്തിൻ്റേതായ ചില അസ്വസ്ഥതകൾ അദ്ദേഹത്തിനുണ്ട് എന്നത് ശരി തന്നെ, അത് സ്വാഭാവികവുമാണ്. ചില അസുഖങ്ങളുമുണ്ട്. പക്ഷേ, അതൊന്നും ഇപ്പോൾ പറയുന്നതു പോലെ ഗുരുതരമല്ല. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ച ഫോട്ടോ കുറച്ചു കാലം മുമ്പ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴുള്ളതാണ്. ആരോ ഒരാൾ അത് എടുത്ത് പ്രചരിപ്പിച്ചതാണ്. അതും , ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുമായി യാതൊരു ബന്ധവുമില്ലന്നും ജയചന്ദ്രൻ്റെ കുടുംബം അറിയിച്ചു.

ഇതേ വിഷയം സംബന്ധിച്ച് എഴുത്തുകാരനും മാധ്യമ പ്രവർത്തകനും പി ജയചന്ദ്രനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന സുഹൃത്തുമായ രവി മേനോനും പ്രതികരിച്ചു. തനിക്ക് പല രാജ്യങ്ങളിൽ നിന്നടക്കം നിരവധി കോളുകൾ ദിവസേന ലഭിക്കുന്നതായി രവി മേനോൻ പറയുന്നു. എല്ലാവർക്കും അറിയേണ്ടത് ജയേട്ടൻ ‘അതീവ ഗുരുതരാവസ്ഥായിലാണോ വലിയ കുഴപ്പമാണോ ‘ എന്നൊക്കെയാണത്രേ.

ജയേട്ടൻ ആരോഗ്യവാനാണ്, കുടുംബം അക്കാര്യങ്ങളൊക്കെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്. പുറത്തു പോകുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ചികിത്സിക്കുന്ന ഡോക്ടർ അതു വിലക്കിയിട്ടുണ്ട്. സന്ദർശകരേയും അധികം കാണുന്നില്ല. പാട്ടുകൾ കേട്ട് അദ്ദേഹം സ്വസ്ഥമായി, സന്തോഷത്തോടെ വീട്ടിൽ വിശ്രമിക്കുന്നു. വൈകാതെ പൂർണ ആരോഗ്യവാനാകും. സമൂഹ മാധ്യമങ്ങളൊന്നും ജയേട്ടൻ ശ്രദ്ധിക്കാത്തതു കൊണ്ട് പുറത്തു നടക്കുന്ന പുകിലുകളൊന്നും ആരും പറഞ്ഞിട്ടില്ലെങ്കിൽ അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല. എല്ലാം ലാഘവത്തോടെ കാണുന്ന ജയേട്ടൻ ഇതൊക്കെ അറിഞ്ഞാലും എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഊഹിക്കാം – രവി മേനോൻ പറയുന്നു.

ആരോഗ്യവാനായി ഇരിക്കുന്ന ഒരാളെ, എന്തിനാണ് നമ്മൾ മലയാളികൾ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നതെന്നറിയില്ല. പ്രിയ ഗായിക ജാനകി അമ്മ, നടൻ സലിംകുമാർ – ഇവരെയൊക്കെ നമ്മൾ ഇതിനോടകം എത്ര തവണ കൊന്നു. പി ജയചന്ദ്രനെ പോലെ മലയാളി മനസിൽ ആഴത്തിൽ ഇടം പിടിച്ച ഒരു അതുല്യ കലാകാരനെ വെറുതേ വിടാനുള്ള സന്മനസെങ്കിലും ഉണ്ടാകണം. പ്രിയ ജയേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment