കപ്പിൽ തൊടാതെ പ്രധാനമന്ത്രി
പറഞ്ഞിരുന്നതിലും രണ്ടു മണിയ്ക്കൂർ വൈകിയാണ് മുംബൈയിലെ ടീം ഇന്ത്യയുടെ വിക്ടറി മാർച്ച് തുടങ്ങിയത്. കനത്ത മഴയും മഴത്തുള്ളികൾ തറയിൽ വീഴാത്തത്ര ജനത്തിരക്കും. ആരാധകർ അക്ഷരാർത്ഥത്തിൽ ഇളകി മറിയുകയായിരുന്നു. 20- 20 വിശ്വകിരീടം കയ്യിലേന്തി ടീം ഇന്ത്യ എത്തുന്നത് കാണാൻ മുംബൈയും അത്രയേറെ കൊതിച്ചിരുന്നുവെന്ന് ഉറപ്പായിരിക്കുന്നു. മറൈൻ ഡ്രൈവിൽ നിന്ന് വംഖഡെ സ്റ്റേഡിയത്തിലേക്ക് താരവാഹനം എങ്ങനെ എത്തിച്ചു എന്ന് ആ ഡ്രൈവർക്കു മാത്രമേ പറയാനാകൂ.

തുറന്ന വാഹനത്തിൽ ഇന്ത്യൻ താരങ്ങൾ തങ്ങളെ കാണാനെത്തിയ ലക്ഷങ്ങളെ അഭിവാദ്യം ചെയ്തു. താരങ്ങളുടെ പേരെടുത്തു വിളിച്ച് കാണികൾ ആവേശത്തിലാറാടുകയായിരുന്നു. രോഹിതും വിരാടും ഒരുമിച്ച് നിന്ന് ഒരു വട്ടം വിശ്വകിരീടം വാനിലേക്കുയർത്തിയപ്പോൾ ചുറ്റുപാടും പൊട്ടിത്തെറിച്ചു. ഹാർദിക് പാണ്ട്യയുടെ കൈകളിലിരുന്ന് ഇന്ത്യൻ പതാക വാനിൽ പാറി ഉയർന്നു. ആരാധകർക്കൊപ്പം നൃത്തം വച്ചും പാട്ടുപാടിയും താരങ്ങൾ ആഹ്ലാദത്തിലമർന്നു. തുടർന്ന് വംഖഡെ സ്റ്റേഡിയത്തിൽ ബി സി സി ഐയുടെ നേതൃത്വത്തിൽ ടീമിനെ ആദരിക്കുകയും ചെയ്തു.


രാവിലെ ഡെൽഹിയിൽ പ്രധാന മന്ത്രിയ്ക്കൊപ്പം ഏറെ നേരം ചെലവഴിച്ച് പ്രഭാത ഭക്ഷണവും കഴിച്ചാണ് ടീം ഇന്ത്യ മുംബൈക്ക് വിമാനം കയറിയത്. ടീമിനെ വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി ടീമംഗങ്ങൾ ഓരോരുത്തരോടും സംസാരിച്ചു. എന്നാൽ എന്തു കൊണ്ടോ പ്രധാന മന്ത്രി വിശ്വകിരീടത്തിൽ തൊട്ടതേയില്ല. കപ്പേന്തി നിന്ന രോഹിതിൻ്റേയും വിരാടിൻ്റേയും കൈകളിൽ തൊട്ടുനിന്നാണ് പ്രധാനമന്ത്രി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച മുഴുവൻ ഇതു സംബന്ധിച്ചാണന്നുള്ളതും ശ്രദ്ധേയം.
