മഴ തുടങ്ങിയാൽ മാധ്യമ സ്ഥാപനങ്ങളിലും ബന്ധപ്പെട്ട സർക്കാർ ഓഫിസുകളിലും ഏറ്റവും കൂടുതൽ അന്വേഷണം വരുന്നത് ജില്ലകളുടെ അവധിയെ സംബന്ധിച്ചാണ്. മഴ അൽപ്പമൊന്ന് കടുത്താൽ “നാളെ അവധിയുണ്ടോ’ എന്നതാണ് ആദ്യ ചോദ്യം. അവധി ഇല്ല എന്ന മറുപടിയാണെങ്കിൽ എതിർഭാഗത്ത് കടുത്ത നിരാശയുടെ പ്രതിഫലനമാകും കേൾക്കുക. ഈ അന്വേഷണത്തിൽ കുട്ടികളേക്കാൾ രക്ഷകർത്താക്കളായിരിക്കും എപ്പോഴും മുന്നിൽ.
ഓരോ ജില്ലാ കളക്ടർമാരുടേയും സോഷ്യൽ മീഡിയാ പേജുകളിൽ കമൻ്റിട്ടു അവധി കാര്യങ്ങൾ ചോദിക്കുന്നത് മിക്കപ്പോഴും കൂടുതലും വിദ്യാർഥികളാവും. കളക്ടർ മാമാ മഴയല്ലേ, അവധിയുണ്ടോ എന്നാവും ചോദ്യങ്ങൾ. മറുപടി ലഭിച്ചില്ലെങ്കിൽ പിന്നെയും വരും ചോദ്യം. കളക്ടർ മാമാ ഇവിടെ പുറത്തിറങ്ങാൻ പറ്റാത്ത മഴയാ, പ്ലീസ് ഒന്ന് അവധി പ്രഖ്യാപിക്കാമോ? എന്നൊക്കെയാവും അഭ്യർഥന.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴയിലും ഇതൊക്കെ തന്നെ ഉണ്ടായി. കൂട്ടത്തിൽ പത്തനംതിട്ട കളക്ടർക്കും വന്നു ചോദ്യങ്ങൾ. ഇടയ്ക്ക് മഴയെ തുടർന്ന് ഒരു ദിവസം പത്തനംതിട്ട ജില്ലക്കും കളക്ടർ അവധി നൽകിയിരുന്നു. അടുത്ത ദിവസവും അവധിയുണ്ടോ എന്നറിയാനുള്ള പരാക്രമമായിരുന്നു പിന്നീട് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് നിറയെ. അതിന് കളക്ടർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
‘ഗ്രീൻ ആണ് മക്കളേ, ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ്പാക് ചെയ്തോളൂ’ എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മഴ ചാർട്ട് അടക്കം പോസ്റ്റ് ചെയ്ത് കളക്ടർ മാമൻ മറുപടി നൽകിയത്. അവധി കിട്ടാത്തതിൻ്റെ വിഷമം മറന്ന് പിള്ളേര് തന്നെ കളക്ടർ മാമൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണിപ്പോൾ.

