കൊടിക്കുന്നിലിനെ തഴഞ്ഞത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് പിണറായി വിജയൻ

At Malayalam
1 Min Read

പാർലമെൻ്റിൽ പ്രോട്ടേം സ്പീക്കറെ നിയമിച്ച നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധിച്ചു. പാർലമെൻ്ററി ജനാധിപത്യ മര്യാദകൾ, സഭയിലെ കീഴ്‌വഴക്കങ്ങൾ എന്നിവയൊന്നും തന്നെ തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് ബി ജെ പി യുടെ പോക്കെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലോക്‌സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന മാവേലിക്കരയിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷിനെ പ്രോട്ടേം സ്പീക്കർ സ്ഥാനത്ത് പരിഗണിക്കാഞ്ഞതെന്തുകൊണ്ടാണന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോക്സഭയിൽ അഞ്ചു വർഷവും ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരുന്നു. പ്രതിപക്ഷ കക്ഷികളിലുള്ള ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ ബി ജെ പി തയ്യാറായിരുന്നില്ല. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ മേൽക്കോയ്മാ രാഷ്ട്രീയമാണ് കൊടിക്കുന്നിലിനെ തഴഞ്ഞതിനു പിന്നിലെന്നു ആരെങ്കിലും പറഞ്ഞാൽ അതിനെന്തു മറുപടിയാണ് കേന്ദ്രസർക്കാരും ബി ജെ പിയും പറയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയോട് ബി ജെ പി വച്ചു പുലർത്തുന്ന ധിക്കാരപരവും വെല്ലുവിളി നിറഞ്ഞതുമായ സമീപനമായേ ഇതിനെ കാണാൻ കഴിയൂ എന്നും ഈ നടപടിക്കെതിരെ ജനാധിപത്യബോധമുള്ളവർ പ്രതിഷേധിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment