വയനാട് ജില്ലയിലെ പനമരത്തെ ജനവാസ മേഖലയിൽ കാട്ടാന കൂട്ടമിറങ്ങിയത് ജനജീവിതം താറുമാറാക്കി. ഒരു കുട്ടിയാന കൂടി കൂട്ടത്തിലുള്ളതിനാൽ ആനകൾ ഏത് നിമിഷവും അക്രമാസക്തരാകാൻ സാധ്യതയുള്ളതിനാൽ വനം വകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. പനമരത്തെ പുഞ്ചവയൽ കൃഷി മേഖലയിലാണ് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്.
കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങിയ വിവരമറിഞ്ഞെത്തിയ വനപാലകർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും രണ്ടു കാട്ടാനകളെ കാട്ടിലേക്കു കയറ്റി വിട്ടു. ഇനി രണ്ട് മുതിർന്ന ആനകളും ഒരു കുട്ടിയാനയുമാണ് കൃഷി ഇടത്തിൽ തുടരുന്നത്. വളരെ കരുതലോടെയാണ് ആനകളെ ഓടിക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.
പരിവസരവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും വനം വകുപ്പ് അറിയിപ്പ് നൽകിയിരിക്കുകയാണ്. ഇവിടത്തെ ജനവാസമേഖലയിൽ നിരന്തരം കാട്ടാനയിറങ്ങി നാശം വിതക്കുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ ഒത്തു കൂടി. കൃഷിക്കും സ്വൈര ജീവിതത്തിനും സംരക്ഷണമൊരുക്കാൻ വേണ്ട പ്രായോഗിക നടപടികൾ അടിയന്തരമായി വനം വകുപ്പ് സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
