ഓർമയിലെ ഇന്ന്, ജൂൺ 15, സത്യൻ

At Malayalam
2 Min Read

മലയാള സിനിമാ താരങ്ങള്‍ക്കിടയിലെ ഒരേ ഒരു മാസ്റ്റര്‍ നടന്‍ സത്യന്റെ 53-ാം ചരമവാർഷികദിനമാണിന്ന്.

മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടനായിരുന്നു മാനുവൽ സത്യനേശൻ നാടാർ എന്ന സത്യന്‍ മാസ്റ്റർ. വളരെ ലളിതമെന്ന് തോന്നിപ്പിച്ച അഭിനയശൈലി അസാധ്യമായ ആഴങ്ങള്‍ ഉള്ളതായിരുന്നു. അതുകൊണ്ടാണ് ഒരുതവണയെങ്കിലും സിനിമയില്‍ സത്യനെ കണ്ടവര്‍ക്ക് സത്യന്‍ അവിസ്മരണീയനാകുന്നത്. 1912 നവംബർ 9-ന് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആറാമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും മൂത്ത പുത്രനായിട്ടാണ് സത്യൻ ജനിച്ചത്. അധ്യാപകന്‍, ഗുമസ്തന്‍, പട്ടാളക്കാരന്‍, പൊലീസ് ഉദ്യോഗസ്ഥൻ, നാടക നടന്‍ അങ്ങിനെ ജീവിതത്തില്‍ പല വിധ വേഷങ്ങള്‍ ചെയ്ത സത്യനേശന്‍ നാടാരെന്ന തിരുവന്തപുരംകാരന്‍ മലയാള സിനിമയിലെ സത്യന്‍ മാസ്റ്ററായത് പകരംവെക്കാനില്ലാത്ത അഭിനയ പാടവം കൊണ്ടാണ്. 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി സേവനമനുഷ്ടഠിരിച്ചിരുന്നു. ശേഷം തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്.

പൊലീസുദ്യോഗ കാലത്ത് പരിചയപ്പെട്ട സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരാണ് സത്യന് സിനിമയിലേക്ക് വഴി തുറന്നത്. ആദ്യ സിനിമ ത്യാഗ സീമ വെളിച്ചം കണ്ടില്ലെങ്കിലും 1952ല്‍ പുറത്തിറങ്ങിയ ആത്മസഖി വന്‍ വിജയമായി. പിന്നെ, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ വളര്‍ച്ചക്കൊപ്പം ആ മഹാനടനും വളർന്നു.

നീലക്കുയിലിലെ ശ്രീധരന്‍നായര്‍ , തച്ചോളി ഒതേനന്‍, ഓടയില്‍ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രഫസര്‍ ശ്രീനിവാസന്‍, മൂലധനത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് രവി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ അങ്ങനെ സത്യന്‍റെ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഇന്നും അനശ്വരമായി നിലകൊള്ളുന്നു.

- Advertisement -

കടല്‍പ്പാലത്തിലെ ഇരട്ട വേഷം മലയാളത്തിലെ ആദ്യ മികച്ച നടനുമാക്കി. പുറമെ വളരെ ലളിതമെന്ന് തോന്നിപ്പിച്ച അഭിനയശൈലി അസാധ്യമായ ആഴങ്ങള്‍ ഉള്ളതായിരുന്നു. സൂപ്പര്‍ സ്റ്റാറായി തിളങ്ങുന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ കാന്‍സര്‍ രോഗം സത്യന്‍റെ ജീവിതത്തില്‍ വില്ലനായി. വേദന കടിച്ചമര്‍ത്തി ഹൃദയത്തോട് ചേര്‍ന്ന സിനിമക്കൊപ്പം പിന്നെയും നീങ്ങിയെങ്കിലും രണ്ട് വര്‍ഷത്തിനപ്പുറം അത് പോയില്ല.

1971 ജൂൺ 15ന് ആ കലാജീവിതം തിരശീലക്ക് പിന്നിലേക്ക് മാഞ്ഞു. മലയാള സിനിമ സത്യന് നല്‍കിയ ആ സിംഹാസനം പകരക്കാരനില്ലാതെ ഇന്നും ഒഴിഞ്ഞുകിടക്കുകയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment