കുവൈത്തിലെ അഗ്നി ബാധയിൽ 24 മലയാളികൾ ഇതുവരെ മരിച്ചതായി സ്ഥിരീകരിച്ചു. കുവൈത്തിലെ ലോക്കൽ ഹെൽപ്പ് ഡെസ്ക്കിൽ നിന്നു കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നോർക്കയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച 19 പേരെ ഇതിനോടകം തിരിച്ചറിയാൻ കഴിഞ്ഞു. ഏഴിലധികം മലയാളികൾ ഗുരുതരാവസ്ഥയിൽ പല ആശുപത്രികളിലായി ചികിത്സയിലാണ്.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം വീതം ധന സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഓരോ ലക്ഷവും സഹായം നൽകാൻ തിരുവനന്തപുരത്തു ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് ഉടൻ കുവൈത്തിലേക്ക് യാത്ര തിരിക്കും. പരിക്കേറ്റവരുടെ തുടർ ചികിത്സ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മന്ത്രി അവിടെ നേതൃത്വം നൽകും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇതിനോടകം കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങളാണ് നോർക്കയുടെ നേതൃത്വത്തിൽ നടക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഡെൽഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസ് വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യുന്നു.