രാഹുൽ വരുന്നു ചുരമിറങ്ങാൻ, പിറുപിറുത്ത് കേരള നേതാക്കൾ

At Malayalam
2 Min Read

രാഹുൽ ഗാന്ധി വയനാട് വിടണമെന്ന് ഡെൽഹിയിലെ കോൺഗ്രസ് നേതാക്കൾ. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി റായ് ബറേലി സീറ്റു തന്നെ നിലനിർത്തുന്നതാണ് പാർട്ടിക്കും മുന്നണിക്കും ഗുണമെന്നും മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ പറയുന്നു. രാഹുൽ ഗാന്ധി ഉപേക്ഷിക്കുന്ന വയനാട് സീറ്റിൽ പ്രിയ ഗാന്ധി മത്സരിക്കണമെന്ന് ചില കേരള നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ തൽക്കാലം ആ ആഗ്രഹം നടക്കില്ലന്നാണ് സൂചനകൾ. വയനാട്ടിൽ, കേരളത്തിൽ നിന്നുള്ള ഏതെങ്കിലും നേതാക്കൾ തന്നെ മത്സരിച്ചാൽ മതിയെന്നാണ് കേന്ദ്ര നേതാക്കളുടെ നിർദേശം.

ഇതൊക്കെ തന്നെ ആദ്യമേ അങ്ങ് ചെയ്താൽ പോരായിരുന്നോ എന്ന് ചില കേരള നേതാക്കൾ രഹസ്യമായി ചോദിക്കുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിയും ബി ജെ പി യുടെ ഗ്ലാമർ നേതാവുമായ സ്മൃതി ഇറാനി തനിക്കെതിരെ അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ അമേഠിയിൽ സ്മൃതിയോട് തോറ്റുപോയ രാഹുൽ വെല്ലു വിളി കേട്ടില്ലന്ന് നടിച്ചു. താരതമ്യേന ദുർബലനായ സ്ഥാനാർത്ഥിയെ അമേഠിയിൽ സ്മൃതിക്കെതിരെ പരീക്ഷിച്ച രാഹുൽ, സോണിയ ഗാന്ധി മത്സരിച്ചു ജയിച്ച റായ്ബറേലി തെരഞ്ഞെടുത്തു. ഫലം വന്നപ്പോഴാകട്ടെ അമേഠിയിൽ ലക്ഷങ്ങളുടെ വ്യത്യാസത്തിൽ സ്മൃതി ഇറാനി തോറ്റമ്പി. റായ്ബറേലിയിൽ മൂന്നു ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധിയും ജയിച്ചു. രാഹുൽ അമേഠിയിൽ മത്സരിച്ചെങ്കിൽ ഭൂരിപക്ഷം ഇതിലും ഇരട്ടിയായേനെ എന്നും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കേണ്ടതായിരുന്നെന്നും ഇവർ പറയുന്നു. റായ് ബറേലി ഒഴിവാക്കി വയനാട് എടുത്താൽ ഇനി റായ്ബറേലിയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണോ രാഹുൽ വയനാട് ചുരമിറങ്ങാൻ തീരുമാനിച്ചതെന്നും ഇവർ ചോദിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കിയ ചില സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയാതെ പോയത് എന്താണന്ന് പരിശോധിക്കണമെന്നു ഖാർഗെ പറഞ്ഞു. ഇത് പ്രത്യേകമായി തന്നെ ചർച്ച ചെയ്യണം. കർണാടകയിലടക്കം ഭരണവിരുദ്ധ വികാരമുണ്ടായോ എന്നതുൾപ്പെടെ പരിശോധിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

ഇതിനിടെ, പാർലമെൻ്റിൽ പ്രതിപക്ഷ നേതൃ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രമേയം പാസാക്കി. പാർലമെൻ്റിൽ പ്രതിപക്ഷ നേതാവിൻ്റെ കസേരയിൽ രാഹുൽ ഗാന്ധി തന്നെ ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യമുന്നയിച്ചു.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment